തളിപ്പറമ്പ് ബക്കളത്ത് വ്യാജ ആയുർവേദ മരുന്നുകളുമായി ഒരു സംഘം തപിടിയിൽ. കഴിഞ്ഞ കുറച്ചുനാളുകളായി മലയോരമേഖലകളിലും തളിപ്പറമ്പ് നഗരത്തിന്റെ പലഭാഗങ്ങളിലുമായി വില്പന നടത്തുന്ന രാജുവിനെയും സംഘത്തെയുമാണ് നാട്ടുകാർ പിടികൂടിയത്.നടുവേദന, ശരീരവേദന തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളാണ് ഇവർ വില്പന നടത്തിയിരുന്നത്.
സ്ത്രീകൾ ഉൾപ്പെടുന്ന സംഘം വീട്ടിൽ എത്തി സ്ത്രീകളെയാണ് ഇവർ പാട്ടിലാക്കുന്നത്. മുൻകൂറായി പണം വാങ്ങിയും മരുന്ന് കൊടുത്തതിന് ശേഷം പണം കൈക്കലാക്കലുമാണ് ഇവർ കൂടുതലായും ചെയ്യുന്നത്. പാക്കറ്റുകളിലാക്കി ഗുളിക രൂപത്തിലും പൊടി രൂപത്തിലും ഉള്ള മരുന്നുകളാണ് ഇവർ വില്പന നടത്തുന്നത്.
പല സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിലായാണ് ഇവർ വ്യാജ മരുന്നുകൾ വില്പന നടത്തുന്നത്.തളിപ്പറമ്പ്, പടപ്പേങ്ങാട് ,ആലക്കോട് എന്നീ മേഖലയിൽ വില്പന നടത്തുകയും, ഇത് വാങ്ങിക്കഴിച്ചവർക്ക് വയറുവേദന, വയറിളക്കം ഛർദ്ദി തുടങ്ങി പലതരത്തിൽ ഉള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് വ്യാജ ആയുർവേദ മരുന്ന് വാങ്ങി വഞ്ചിതരായവർ തളിപ്പറമ്പ് പോലീസിൽ പരാതിപ്പെട്ടിരുന്നു.ഇത്തരത്തിൽ മരുന്ന് വാങ്ങി കഴിച്ച് ‘പണി കിട്ടിയ’ ഓരോരുത്തരുടേയും അനുഭവം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബക്കളത്ത് ഈ സംഘം ഉണ്ടെന്ന് അറിഞ്ഞ് നാട്ടുകാർ ഇവരെ പിടിച്ചു നിർത്തുകയും തളിപ്പറമ്പ് മലയോര പ്രദേശത്തെ മരുന്ന് വാങ്ങി വഞ്ചിതരായവരെ അറിയിക്കുകയും ചെയ്തു.തുടർന്ന് ഇവർ സ്ഥലത്ത് എത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടി പോലീസിൽ ഏല്പിച്ചു.പലഭാഗങ്ങളിൽ നിന്നും നിരവധി ആളുകളിൽ നിന്നായി മരുന്ന് കൊടുത്ത് ഇവർ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.
ചപ്പാരപ്പടവ് ഭാഗത്തുനിന്ന് മാത്രം 3 ലക്ഷത്തോളം രൂപയാണ് ഇവർ വാങ്ങിച്ചത്.മുൻകൂറായി പൈസ വാങ്ങി മരുന്ന് നൽകാതെയും ഇവർ തട്ടിപ്പ് നടത്തിയിരുന്നു.തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശികളാണ് കൂടുതലായും തട്ടിപ്പിനിരയായത്.നടുവേദന,മുട്ടുവേദന, കൂടാതെ എഴുന്നേറ്റ് നടക്കാൻ കഴിയാത്തവർ ഇവരുടെ ആയുർവേദ മരുന്ന് കഴിച്ച് എഴുന്നേൽപ്പിച്ചു നടത്തിയിട്ടുണ്ടെന്നും മറ്റും പറഞ്ഞാണ് പലഭാഗങ്ങളിൽ നിന്നും നിരവധി ആളുകളിൽ നിന്നായി മരുന്ന് കൊടുത്ത് ഇവർ കൈക്കലാക്കിയത് ലക്ഷങ്ങളാണ്. ആന്ധ്രാ സ്വദേശികളാണ് പിടിയിലായത്.ഇവർ നന്നായി മലയാളം സംസാരിക്കും.കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് ഈ സംഘം താമസിച്ചിരുന്നത്.