ബീജിങ്: ചൈനയിൽ പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിലിൽ നദീതീരത്ത് കാറിൽ കുടുങ്ങിയ ദമ്പതികളെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ. വെള്ളം കാറിന് മുകളിലേക്ക് ഉയർന്നതോടെ കാറിന്റെ മേൽക്കൂരയിൽ കയറിയാണ് ദമ്പതികൾ സഹായം തേടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായി. കുതിച്ചൊഴുകുന്ന വെള്ളത്തിന് നടുവിൽ നിന്ന് അതിസാഹസികമായാണ് ഇവർ രക്ഷപ്പെട്ടത്. നദീതീരത്ത് നിന്ന് 60 മീറ്റർ അകലെയാണ് കുടുങ്ങിയത്. കാറിൽ യാത്ര ചെയ്യവെ മലവെള്ളം കുതിച്ചെത്തുകയായിരുന്നു. ഡ്രോണിൽ ലൈഫ് വെസ്റ്റുകളും കയറുകളും എത്തിച്ച് സുരക്ഷാ സംഘം ഇവരെ സുരക്ഷിതമാക്കി. ഒടുവിൽ കാറിന്റെ മുകളിൽ നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
തെക്കൻ പ്രവിശ്യയായ ഫുജിയാനിലെ ലോങ്‌യാൻ നഗരത്തിലാണ് സംഭവം. വെള്ളപ്പൊക്കത്തിൽ നദിയുടെ നടുവിൽ കുടുങ്ങുകയായിരുന്നു. ചൈനയുടെ തെക്കൻ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. ഇതുവരെ 15 പേർ കൊല്ലപ്പെടുകയും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ആയിരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മധ്യ, തെക്കൻ ചൈനയിലെ പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർ ഒഴിപ്പിക്കൽ തുടരുകയാണ്. കനത്ത മഴ മധ്യ പ്രവിശ്യയായ ഹെനാനിലെ നഗരങ്ങളെയും ബാധിച്ചു, തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്‌കിംഗ് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി.