മുൻ എംഎല്‍എ കരുനാഗപ്പള്ളിആര്‍. രാമചന്ദ്രൻഅന്തരിച്ചു

മുൻ എംഎല്‍എ കരുനാഗപ്പള്ളിആര്‍. രാമചന്ദ്രൻഅന്തരിച്ചു

കൊല്ലം: മുൻ എംഎല്‍എയും സിപിഐ നേതാവുമായ കരുനാഗപ്പള്ളി ആര്‍. രാമചന്ദ്രൻ (75) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പുലര്‍ച്ചെ 3.55ന് ആയിരുന്നു അന്ത്യം.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാമചന്ദ്രനെ ഒരാഴ്‌ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് എംഎല്‍എ ആയത്. 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷിനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും, താലൂക്ക് കമ്മിറ്റി വിഭജിച്ചപ്പോള്‍ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചു. 1991ല്‍ ജില്ലാ കൗണ്‍സിലിലേക്ക് പന്മന ഡിവിഷനില്‍നിന്ന് വിജയിച്ചു. 2000ല്‍ തൊടിയൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലെത്തി. 2006-11 കാലയളവില്‍ സിഡ്‌കോ ചെയര്‍മാനായിരുന്നു.2004ല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.

ഭാര്യ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് അക്കൗണ്ടന്റായി വിരമിച്ച പ്രിയദര്‍ശിനി. മകള്‍: ദീപാചന്ദ്രൻ. മരുമകൻ: അനില്‍ കുമാര്‍. രാവിലെ 11ഓടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. കൊല്ലം സിപിഐ ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പില്‍ നടക്കും.

Leave a Reply