ഒടുവില്‍ മരണത്തിന് കീഴടങ്ങി ഹീത്ത് സ്ട്രീക്ക്

ഒടുവില്‍ മരണത്തിന് കീഴടങ്ങി ഹീത്ത് സ്ട്രീക്ക്

ഹരാരെ : സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസതാരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു . 49 വയസായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു ഹീത്ത് സ്ട്രീക്ക്.ഏറെ നാളായി കാൻസര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഹീത്ത് സ്ട്രീക്ക്.

ദിവസങ്ങള്‍ക്ക് മുമ്ബ്ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയത് കായികലോകത്ത് വലിയ വിവാദമായിരുന്നു.

പിന്നാലെ സ്ട്രീക്ക് തന്നെ നേരിട്ട് രംഗത്തെത്തി തന്‍റെ മരണവാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്ബ് ആളുകള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും ഉത്തരവാദിത്ത ബോധം ഉണ്ടാകണമെന്നും താന്‍ അര്‍ബുദത്തില്‍ നിന്ന് തിരിച്ചുവരികയാണെന്നും സ്ട്രീക്ക് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും ചികില്‍സയുടെ ചെറിയ ബുദ്ധിമുട്ടുകളൊഴിച്ചാല്‍ സുഖമായിരിക്കുന്നുവെന്നും സ്ട്രീക്ക് പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മരണവാര്‍ത്തയെത്തുന്നത്.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. 100 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ആദ്യത്തെ സിംബാബ്‌വേ കളിക്കാരനായിരുന്നു ഹീത്ത് സ്ട്രീക്ക്.ടെസ്റ്റ് ക്രിക്കറ്റില്‍ 1990 റണ്‍സും ഏകദിന മത്സരങ്ങളില്‍ നിന്നും 2943 റണ്‍സും നേടി. തന്റെ ടെസ്റ്റ് കരിയറിനിടെ സ്ട്രീക്ക് രാജ്യത്തിനായി ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറികളും നേടി, ഏകദിനത്തില്‍ 13 അര്‍ദ്ധ സെഞ്ച്വറികളും നേടി.

ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും ഏകദിനത്തില്‍ 2000 റണ്‍സും 200 വിക്കറ്റും നേടിയ സിംബാബ്‌വെയില്‍ നിന്നുള്ള ഏക കളിക്കാരൻ. ടെസ്റ്റില്‍ 200-ലധികം വിക്കറ്റുകള്‍ (216) നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ് അദ്ദേഹം. റണ്‍സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹീത്ത് സ്ട്രീക്ക്.

2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്.

Leave a Reply