ഷിരൂരിൽ നിന്ന് ശുഭവാർത്ത, സാഹചര്യങ്ങളെല്ലാം അനുകൂലം; നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും ഇറങ്ങുമെന്ന് എസ്‌പി

ഷിരൂരിൽ നിന്ന് ശുഭവാർത്ത, സാഹചര്യങ്ങളെല്ലാം അനുകൂലം; നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും ഇറങ്ങുമെന്ന് എസ്‌പി

ഷിരൂർ: കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ എസ്പി. കഴിഞ്ഞ ദിവസ കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല. പൂർണ തോതിലുള്ള ഒരു തെരച്ചിൽ ആകും ഇന്ന് തുടങ്ങുക. നാവികസേനയുടെ ഒരു ഡൈവിങ് സംഘവും ഈശ്വർ മാൽപേയുടെ ഒരു സംഘവും തെരച്ചിലിന് ഇറങ്ങും. ഇന്ന് രാവിലെ 10 മണിക്ക് നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുമെന്ന് കാർവർ എസ്പി നാരായണ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

പുഴയുടെ ഒഴുക്കിന്റെ വേഗം 2 നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്ന് എസ്പി പറഞ്ഞു. ഇന്ന് ജില്ലയിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലർട്ടുകളും ഇല്ല.  നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തെരച്ചിലിൽ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു. നാവിക സേന, എസ്ഡിആർഎഫ്, എൻഡിആർഎഫ് പൊലീസ് എന്നീ സേനകൾ പുഴയിലെ തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും. കരസേനയുടെ ഹെലികോപ്റ്റർ റൂട്ടീൻ തെരച്ചിലിന്റെ ഭാഗമായി സർവയലൻസ് സഹായത്തിനും ഉണ്ടാകുമെന്ന് എസ്പി വ്യക്തമാക്കി.

ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ. അതേസമയം നാവിക സേനയുടെ നേതൃത്വത്തിലുള്ള തെരച്ചിലിൽ പ്രതീക്ഷ ഉണ്ടെന്ന് അർജുന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാര്യക്ഷമമായ തെരച്ചിൽ നടത്തണം. സംസ്ഥാനം ഔദ്യോഗികമായി തെരച്ചിലിന് നേതൃത്വം നൽകുന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്ന് അർജുന്‍റെ സഹോദരി ഭർത്താവ് പറഞ്ഞു.

ഇന്നലെ ലോറിയുടെ ഒരു ഭാഗം കണ്ടെത്താനായത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൂടുതൽ പേർ എത്തി തെരച്ചിൽ നടത്തുന്നത് കൊണ്ട് പ്രതീക്ഷ ഉണ്ടെന്നും അർജുന്‍റെ കുടുംബം അറിയിച്ചു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്. 

Leave a Reply