യുഡിഎഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കവെ മുസ്ലിം ലീഗ് നേതാക്കള്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നുവോ എന്ന ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിലയിടങ്ങളിൽ നിന്നും ഉയരുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയും പോലീസ് നീക്കം തുടരവെ മുസ്ലിം ലീഗ് നേതാക്കള്‍ സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും വേദികളില്‍ പതിവ് സാന്നിധ്യമാകുന്നതാണ് ഇത്തരം സംശയങ്ങൾക്കുള്ള കാരണം.മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അന്ന് ലീഗ് നേതാക്കള്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
കെഎം ഷാജി, എംകെ മുനീര്‍ ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കൾ പിണറായി വിജയനെതിരെയും ഇടത് സർക്കാരിനെതിരെയും രൂക്ഷ ഭാഷയിൽ വിമർശിക്കുന്നവരാണ്. എന്നാൽ ചില നേതാക്കൾ ഒഴികെ ബാക്കിയുള്ളവരാരും ഇടത് സർക്കാരിനെതിരെ ഭാഷ കടുപ്പിക്കുന്നില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സുധാകരൻ വിഷയത്തിൽ പികെ കുഞ്ഞാലിക്കുട്ടി ഇടത് സർക്കാരിനെതിരെ വിമർശനം നടത്തിയിരുന്നുൺവെങ്കിലും കട്ടി പോരാ എന്ന അഭിപ്രായവും ചില നിരീക്ഷകർക്കുണ്ട്.
യുഡിഎഫ് വിടാനുള്ള യാതൊരു സാഹചര്യവുമില്ല എന്നാണ് മുസ്ലിം ലീഗിലെ പ്രധാന നേതാക്കളെല്ലാം ആവർത്തിച്ച് പറയുമ്പോഴും സര്‍ക്കാരുമായും സിപിഎമ്മുമായും ലീഗ് സഹകരിക്കുന്നു എന്ന സൂചന നല്‍കുന്ന ചില സംഭവങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു.
പാണക്കാട് സാദിഖലി തങ്ങളാണ് സര്‍ക്കാരിന്റെ ഖാദി-ബക്രീദ് മേള ഉദ്ഘാടനം ചെയ്തത്. അടുത്തിടെ ദേശാഭിമാനി സംഘടിപ്പിച്ച സെമിനാറില്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ പങ്കെടുത്തതും എടുത്തുപറയേണ്ടതാണ്. പൂക്കോട്ടൂരില്‍ ലീഗ് നടത്തിയ സെമിനാറില്‍ എംബി രാജേഷ് പങ്കെടുത്തു. ഇഎംഎസ് സെമിനാറില്‍ അബ്ദുസമദ് സമദാനി പങ്കെടുത്ത് നടത്തിയ പ്രസംഗവും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എടുത്തുപറയേണ്ടതാണ്.