ബിരുദപഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത്. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കനെയാണ് കങ്കണ ഇതേ കുറിച്ച് പറഞ്ഞത്. ജനങ്ങളില്‍ അച്ചടക്കബോധം വളര്‍ത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാര്‍ഗം എന്ന നിലയ്ക്കാണ് സൈനിക പരിശീലനത്തെ കങ്കണ കാണുന്നത്.
ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൈനികപരിശീലനം നിര്‍ബന്ധമാക്കിയാല്‍ മടിയും ഉത്തരവാദിത്വമില്ലായ്മയുമുള്ള ജനങ്ങളില്‍ നിന്ന് നമുക്ക് മോചിതരാവാമെന്ന് കങ്കണ പറഞ്ഞു. സൈനിക പരിശീലനം നേടുന്നത് അച്ചടക്കം വളര്‍ത്തുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എതിര്‍പക്ഷത്ത് നില്ക്കുന്ന രാജ്യങ്ങളില്‍ തങ്ങളുടെ സമകാലികരുമായി സൗഹൃദം സ്ഥാപിക്കുന്ന ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും താരം ചോദ്യം ചെയ്തു. ബോളിവുഡ് സെലിബ്രിറ്റികളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പെരുമാറ്റത്തെ സൈനികര്‍ ചോദ്യം ചെയ്യുന്നത് താന്‍ പലപ്പോഴും കേട്ടിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു.
‘ചൈനയിലെയും പാകിസ്ഥാനിലെയും കലാകാരന്മാരോട് ബോളിവുഡ് അവരുടെ സ്നേഹം പ്രകടിപ്പിക്കുമ്പോള്‍, ക്രിക്കറ്റ് കളിക്കാര്‍ അവരെ കെട്ടിപ്പിടിക്കുമ്പോള്‍ അവരെ ശത്രുക്കളായി കരുതുന്നത് താന്‍ മാത്രമാണോയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത തനിക്ക് മാത്രമാണോയെന്നും സൈനികര്‍ ചോദിക്കും. ഇതിനാണ് ഞങ്ങള്‍ തേജസ് നിര്‍മ്മിച്ചത്.അതിര്‍ത്തിയില്‍ പോരാടുമ്പോള്‍ തനിക്ക് പിന്നില്‍ നിന്ന് രാജ്യത്തെ ജനങ്ങള്‍ സംസാരിക്കുന്നത് ഒരു സൈനികന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് തേജസ് എന്ന ചിത്രം പറയുന്നത്. കങ്കണ കൂട്ടിച്ചേര്‍ത്തു.
എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. സര്‍വേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ആശിഷ് വിദ്യാര്‍ഥിയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം. ഒക്ടോബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
