ജീവനക്കാരെ സ്ഥലം മാറ്റി ഇടത് സർക്കാർ ജില്ലയുടെ വികസന പ്രവർത്തനങ്ങളെ തകിടം മറിക്കുന്നു – മുസ്ലിം ലീഗ്

ജീവനക്കാരെ സ്ഥലം മാറ്റി ഇടത് സർക്കാർ ജില്ലയുടെ വികസന പ്രവർത്തനങ്ങളെ തകിടം മറിക്കുന്നു – മുസ്ലിം ലീഗ്

കാസർകോട്: പൊതുസ്ഥലം മാറ്റ ഉത്തരവിന്റെ മറവിൽ കാസർകോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ട് ഇടത് സർക്കാർ ജില്ലയുടെ വികസന പ്രവർത്തനങ്ങളെയും ക്ഷേമപദ്ധതികളെയും തകിടം മറിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി നൽകിയ ഉറപ്പ് ലംഘിച്ചു കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പുറത്തിറങ്ങിയത്.
യു.ഡി.എഫ് ഭരണസമിതി നേതൃത്വം നൽകുന്ന ബ്ലോക്ക്, മുനിസിപ്പൽ, ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞുപിടിച്ച് അവിടത്തെ ജീവനക്കാരെ പൂർണ്ണമായും സ്ഥലംമാറ്റിയതിനാൽ ഓഫീസുകൾ അടച്ചിടുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ഇത് തികച്ചും രാഷ്ട്രീയപ്രേരിത നടപടിയും വികസന വിരുദ്ധ പ്രവർത്തിയും ജില്ലയോടുള്ള അവഗണനയുമാണ്. ജനങ്ങളുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തേണ്ട ക്ലർക്കുമാരെ പോലും സ്ഥലം മാറ്റിയിട്ട് പകരക്കാരെ നിയമിച്ചിട്ടില്ല. എല്ലാ രംഗത്തും ഇടതുപക്ഷ സർക്കാർ കാസർകോട് ജില്ലയോട് കാണിക്കുന്ന അവഗണനയുടെയും നിഷേധാത്മക നിലപാടുകളുടെയും ഏറ്റവും അവസാന തെളിവാണ് പകരക്കാരെ നിയമിക്കാത്ത കൂട്ട സ്ഥലം മാറ്റം. കാസർകോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും മറ്റു സർക്കാർ ഓഫീസുകളിൽ നിന്നും സ്ഥലം മാറ്റിയ മുഴുവൻ ജീവനക്കാർക്കും പകരം ജീവനക്കാരെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
സി.ടി അഹമ്മദലി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ജി.സി ബഷീർ, എം. അബ്ബാസ്, ടി.സി.എ റഹ്‌മാൻ, കെ. അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, എ.കെ ആരിഫ്, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ്‌ കുഞ്ഞി, സത്താർ വടക്കുമ്പാട് പ്രസംഗിച്ചു.

Leave a Reply