കൊല്ലത്ത് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സ്കൂൾ അധ്യാപികയായ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. പത്തനംതിട്ട ചന്ദനപ്പള്ളി ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപികയും രാജഗിരി സ്വദേശിനിയുമായ അനിത (38) നെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്. അനിതയുടെ ഭർത്താവും ഹെൽത്ത് ഇൻസ്പെക്ടറുമായ ആഷ്ലി സോളമനെയാണ് കോടതി ശിക്ഷിച്ചത്.
2018 ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനിതയ്ക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആഷ്ലി സോളമൻ വിശ്വസിച്ചിരുന്നു. ഇതിനെ തുടർന്ന് അനിതയെ ഇയാൾ വീട്ടു തടങ്കലിലാക്കി. എന്നാൽ അനിതയുടെ സുഹൃത്ത് ഇതിനെതിരെ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി അനിതയെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചെങ്കിലും കോടതിയിൽ ഹാജരാകേണ്ട ദിവസം ആഷ്ലി സോളമൻ അനിതയെ കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് ആഷ്ലി സോളമൻ ചിരവ കൊണ്ട് അനിതയെ തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പൂർത്തിയാക്കിയത്.