കൊച്ചി: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ വാർത്ത ചാനൽ ഉടമയും ചാനലിന്റെ എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് പരിധിയിലാണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങവേ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കാനാണ് തീരുമാനം. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചു എന്ന കേസില്‍ ഷാജൻ സ്കറിയയെ കേരള ഹൈക്കോടതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇതിൽ വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.
നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമർശിച്ചിരുന്നു. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമർശിച്ചത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്.