പകലന്തിയോളം പണിയെടുത്തിട്ടും ജീവിതം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഭിക്ഷാടനം നടത്തി കോടികൾ സമ്പാദിച്ച ഒരാൾ ഇന്ത്യയിലുണ്ട്. ലോകത്തെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരൻ എന്നാണ് ഇയാളെ സീ ന്യൂസ് വിശേഷിപ്പിച്ചത്.
മുംബൈ തെരുവുകളിൽ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിൻ എന്നയാളാണ് ലോകത്തുതന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരനെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 7.5 കോടി രൂപയാണ് ഇയാൾ ഭിക്ഷ യാചിച്ച് സമ്പാദിച്ചത്. ഭിക്ഷാടനത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ്.
മുംബൈയിൽ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റ് സ്വന്തം പേരിലുണ്ട്. കൂടാതെ താനെയിൽ വാടകക്ക് നൽകുന്ന രണ്ട് കടമുറികളുമുണ്ട്.ഇതിൽ നിന്ന് വാടകയിനത്തിൽ മാത്രം പ്രതിമാസം 30000 രൂപ വരുമാനം ലഭിക്കുന്നു.
ഭിക്ഷാടനം അവസാനിപ്പിക്കാൻ കുടുംബം ഭരതിനോട് നിരന്തരം ഉപദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒരുക്കമല്ല. തനിക്ക് ജീവിതത്തിൽ എല്ലാമുണ്ടാക്കിത്തന്ന ഭിക്ഷാടനം ഉപേക്ഷിക്കില്ലെന്നാണ് ഇയാൾ പറയുന്നത്. ഛത്രപതി ശിവാജി ടെർമിനസ് ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിൻ ഭിക്ഷ യാചിക്കുന്നത്. കൈനിറയെ സമ്പത്തുണ്ടായിട്ടും ഭരത് ജെയിൻ മുംബൈയിലെ തെരുവുകളിൽ ഇപ്പോഴിം ഭിക്ഷാടനം തുടരുകയാണ്.