എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നില്ക്കുന്നതു മൊബൈലില്‍ പകര്‍ത്തിയതു ചോദ്യം ചെയ്തവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ 5 പേര് അറസ്റ്റില്‍.സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന് എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 13ന് എടവണ്ണ സ്റ്റാന്‍ഡിലാണു സംഭവങ്ങളുടെ തുടക്കം. വണ്ടൂരിലെ കോളേജ് വിദ്യാര്‍ഥിനിയും എടവണ്ണയിലെ സ്കൂള്‍ വിദ്യാര്‍ഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഇതു കണ്ടുനിന്നവരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റമാവുകയും തുടര്‍ന്നു കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണു പരാതി. പൊലീസെത്തിയാണു സംഘര്‍ഷം അവസാനിപ്പിച്ചത്.
ഈ സംഭവത്തിനു പിറ്റേന്നു ‘ജനകീയകൂട്ടായ്മ’യുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പായും വിദ്യാര്‍ഥി പക്ഷത്തിന്റെ മറുപടിയായും ഫ്ളക്സ് ബോര്‍ഡുകള്‍ വെച്ചിരുന്നു. 5 മണിക്കു ശേഷം ബസ് സ്റ്റാന്‍ഡ് പരിസരത്തു വിദ്യാര്‍ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുനല്‍കി ജനകീയ കൂട്ടായ്മ ഫ്ളക്സ് വയ്ക്കുകയായിരുന്നു.എന്നാല്‍ ‘രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണു ബസ് കണ്സഷന് സമയമെന്നും 5നു ശേഷം കണ്ടാല്‍ കൈകാര്യം ചെയ്തു കളയുമെന്നു ബോര്‍ഡ് വയ്ക്കാന്‍ അധികാരമില്ലെന്നും’ വിദ്യാര്‍ഥിപക്ഷ’ മെന്ന പേരില്‍ മറുപടി ഫ്ളക്സും പ്രത്യക്ഷപ്പെട്ടു. പിന്നാലെ പൊലീസെത്തി രണ്ടു ബോര്‍ഡുകളും നീക്കം ചെയ്യുകയായിരുന്നു.