കല്‍പ്പറ്റ:ആണ്കുട്ടികൾക്കൊപ്പം ട്രിപ്പ് പോവുകയും കള്ളുഷാപ്പിൽ നിന്ന് മദ്യപിക്കുന്നതിന്റെ വീഡിയോ നാട്ടുകാർ വെളിപ്പെടുത്തി.ഇതിനെത്തുടർന്ന് 5 വിദ്യാര്‍ത്ഥിനികളെ കോളേജ് സസ്‌പെന്റ് ചെയ്തിരുന്നു. കോളേജിന്റെ ഈ നടപടി ഇപ്പോൾ വിവാദത്തിലായിയിരിക്കുകയാണ്.
അവധി ദിവസം കൂടെ പഠിക്കുന്ന ആണ്‍കുട്ടികളുമായി പുറത്ത് ട്രിപ്പുപോകുകയും മദ്യപിക്കുന്നതായി സംശയിച്ച് പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കോളേജിന് ചീത്തപ്പേര് ഉണ്ടാക്കി എന്ന് ആരോപിച്ച് അഞ്ചു പെണ്‍കുട്ടികളെയാണ് കോളേജ് സസ്‌പെന്റ് ചെയ്തത്. ജില്ലയിലെ ഒരു മാനേജ്‌മെന്റ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍. കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന ഇവര്‍ കോളേജിന് സമീപത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഞായറാഴ്ച നടത്തിയ യാത്രയാണ് വിവാദമായത്. കൂടെയുള്ളവര്‍ക്കൊപ്പം മദ്യപിക്കുന്നതും പ്രദേശവാസികളായ ചിലര്‍ ഇത് ചോദ്യം ചെയ്യുന്നതും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സ്ഥലത്ത് ഉണ്ടായിരുന്ന ഒരാള്‍ എടുത്ത വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടു കൂടിയാണ് സംഭവം വിവാദമായത്.
സംഭവത്തെക്കുറിച്ച് പോലീസിനും വിവരം കിട്ടിയിട്ടുണ്ട്. മയക്കുമരുന്ന് സംഘവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ബുധനാഴ്ച കോളേജ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെ കോളേജ് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികളെ പുറത്താക്കി. അതേസമയം കോളേജിനെതിരേ സാമൂഹ്യപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അവധി ദിവസത്തില്‍ കോളേജ് ക്യാംപസിന് പുറത്ത് മദ്യപിച്ചതിന് കുട്ടികളെ സസ്‌പെന്റ് ചെയ്തത് ഞെട്ടിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.
ഇവര്‍ക്കൊപ്പം മറ്റുകുട്ടികളും മദ്യപിച്ചതായി തെളിഞ്ഞിരിക്കെ പെണ്‍കുട്ടികള്‍ക്കെതിരേ മാത്രം എടുത്ത അച്ചടക്ക നടപടി ലിംഗപരമാണെന്നാണ് ആക്ഷേപം.