മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് മരിച്ച നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍.
പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലാണ് നാല് മാസം പ്രായമായ ആണ്‍കുട്ടിയുടെ മൃതദേഹം വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
വാണിയംകുളം സ്വദേശിനിയായ യുവതി ബന്ധുവിനൊപ്പം കൂട്ടിരിപ്പുകാരിയായി ആശുപത്രിയില്‍ എത്തിയതാണ്. ബുധനാഴ്ച രാത്രിയാണ് യുവതി നാലുമാസം പ്രായമായ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പൂര്‍ണ വളര്‍ച്ചയാവാത്ത കുഞ്ഞ് മരണപ്പെടുകയായിരുന്നു. ശേഷം യുവതി ശുചിമുറിക്ക് സമീപത്തെ വേസ്റ്റ് ബിന്നില്‍ മരിച്ച കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. ആശുപത്രിയിലെ ക്ലീനിങ് തൊഴിലാളികളാണ് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം ആദ്യം കാണുന്നത്. ഇതേത്തുടര്‍ന്ന് ഒറ്റപ്പാലം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.