യുഡിഎഫിനെ അറിയിക്കാതെ ലീഗ്‌ കേരള ബാങ്കിൽ: എതിർപ്പ്‌ ഉയർത്തി കോൺഗ്രസ്‌

യുഡിഎഫിനെ അറിയിക്കാതെ ലീഗ്‌ കേരള ബാങ്കിൽ: എതിർപ്പ്‌ ഉയർത്തി കോൺഗ്രസ്‌

കേരള ബാങ്ക് ഭരണസമിതിയിലേക്ക് മുസ്‌ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്തത് കോൺഗ്രസ് നേതൃത്വം അറിയാതെ. യുഡിഎഫിലും ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. അതിലെ അതൃപ്തി യുഡിഎഫ് കൺവീനർ എം.എം.ഹസൻ ലീഗ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ ഇതിന്റെ പേരിൽ വിവാദത്തിനില്ലെന്നാണു കോൺഗ്രസ് നിലപാട്.
കേരള ബാങ്കിനെതിരെ നിയമസഭയിലും പുറത്തും യുഡിഎഫും കോൺഗ്രസും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരിക്കെ ബാങ്കിന്റെ ഭരണസമിതിയിൽ യുഡിഎഫ് അംഗത്തെ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്ന വികാരമാണ് കോൺഗ്രസിന്. പാർട്ടിയുടെ രാഷ്ട്രീയ വേദികളിലേക്കു ലീഗിനെ സ്ഥിരമായി ക്ഷണിക്കുന്ന സമീപനത്തിലേക്ക് സിപിഎം എത്തിയ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നീക്കത്തെ നിഷ്കളങ്കമായി കോൺഗ്രസ് കാണുന്നില്ല.
രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നാണ് ലീഗ് നേതൃത്വം യുഡിഎഫിനെ അറിയിച്ചത്. അറിയപ്പെടുന്ന സഹകാരിയാണ് അബ്ദുൽ ഹമീദ്. മലപ്പുറം ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകുമ്പോൾ ബാങ്കിന്റെ നയപരമായ തീരുമാനങ്ങളെടുക്കുന്ന ഭരണസമിതിയിൽ ലീഗിനു പ്രാതിനിധ്യം ഉണ്ടാകുന്നതു ഗുണം ചെയ്യുമെന്നാണു ലീഗ് നിലപാട്.

Leave a Reply