മകൾക്ക് രാഖി കെട്ടാൻ സഹോദരനെ വേണം,ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

മകൾക്ക് രാഖി കെട്ടാൻ സഹോദരനെ വേണം,ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

മകന്‍ മരിച്ചതോടെ മകൾക്ക് രാഖി കെട്ടാൻ തെരുവിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയിരുന്ന ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. ഡൽഹി കോത്തവാലി പരിസരത്ത് ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. തെരുവിൽ അച്ഛനും അമ്മയ്‌ക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് വെളുപ്പിന് മൂന്ന് മണിക്ക് ദമ്പതികൾ തട്ടിയെടുത്തത്‌.

പൊലീസിന്‍റെ കൂടുതൽ ചോദ്യം ചെയ്യലിനെ തുടർന്നാണ് കുഞ്ഞിനെ തട്ടികൊണ്ടു പോകാൻ കാരണമെന്താണെന്ന് ദമ്പതികൾ വിശദീകരിച്ചത്‌. കഴിഞ്ഞ വർഷം ടെറസിൽ നിന്ന് വീണ് മരിച്ച മകന് പകരം, മകൾക്കു രാഖി കെട്ടാനായി വെറൊരു കുഞ്ഞിനു വേണ്ടിയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും മകൻ മരിച്ചത്‌ മകൾ അറിഞ്ഞിട്ടില്ല എന്നും ദമ്പതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. മകളെ മരണം അറിയിക്കാതെ ഇരിക്കാനാണ് വെറൊരു കുഞ്ഞിനെ തട്ടിയെടുക്കാൻ ഇവർ തുനിഞ്ഞെതെന്ന് പൊലീസ്‌ പറയുന്നു.

മകൾക്കു വേണ്ടി ഒരു ആണ്‍കുഞ്ഞിനെ തട്ടിയെടുക്കാനായി അവർ പദ്ധതിയിട്ടു. പദ്ധതി പ്രകാരം തെരുവിൽ ഉറങ്ങുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ അവർ തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരിസര പ്രദേശങ്ങളിൽ തെരഞ്ഞു. ഫലമില്ലാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പൊലീസ്‌ സി.സി.ടിവി ക്യാമറ പരിശോധിച്ച്‌ കുഞ്ഞിനെ ദമ്പതികൾ തട്ടിക്കൊണ്ടു പോകുന്നത്‌ കണ്ടെത്തുകയായിരുന്നു.

സി.സി.ടിവി ക്യാമറയിൽ ബൈക്കിലെത്തിയ ദമ്പതികൾ കുഞ്ഞിനെ എടുത്തു കൊണ്ടു പോകുന്നതായി പതിഞ്ഞിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ നമ്പർ ഉപയോഗിച്ച് പൊലീസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു.ഡിസിപി സാഗർ സിങ്‌ കലാസിയാണ്‌ അന്വേഷണത്തിന് നേതൃത്വം നൽകിയത്‌. കുഞ്ഞിന് പരിക്കുകൾ ഒന്നും തന്നെയില്ലാത്തതിനാൽ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കുഞ്ഞിണ്റെ മാതാപിതാക്കളുടെ പരാതിയുള്ളതിനാൽ ദമ്പതികൾക്കെതിരെ പൊലീസ്‌ കേസെടുത്തു.

Leave a Reply