വാട്സാപ്പിൽ കല്യാണക്ഷണകത്തുകൾ വരുമ്പോൾ കണ്ണുംപൂട്ടി ഡൗൺലോഡ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ മുട്ടൻ പണി കിട്ടാൻ സാധ്യതയുണ്ട്. വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ചില കല്യാണക്കുറികളിലൂടെ മാല്‍വെയറുകളെ ഫോണുകളില്‍ തിരുകിക്കയറ്റി തട്ടിപ്പുകള്‍ വ്യാപകമാകുന്നതായാണ് റിപ്പോർട്ട്.
കല്യാണം ക്ഷണിച്ചുകൊണ്ടുള്ള കാര്‍ഡുകള്‍ വാട്‌സ്ആപ്പുകള്‍ വഴി അയയ്ക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം നീക്കം. അജ്ഞാതമായ നമ്പറില്‍നിന്ന് വരുന്ന ഈ സന്ദേശത്തിനൊപ്പം കല്യാണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഏതാനും വരികളുമുണ്ടാകും. ഇതിനൊപ്പം കല്യാണം ക്ഷണിച്ചുകൊണ്ടുള്ള കാർഡ് എന്നമട്ടിൽ മറ്റുചില ഫയലുകളും ഉണ്ടാകും. കണ്ട ഉടൻ നമ്മളിൽ ചിലർ അത് ഡൗൺലോഡും ചെയ്യും.
എന്നാൽ ഇത്തരം കല്യാണ കാർഡുകളുടെ കൂടെ അയക്കുന്ന ഫയലുകളിലൂടെയാണ് തട്ടിപ്പ് വീരന്മാർ മാൽവെയറുകളെ നിക്ഷേപിക്കുന്നത്.ഈ ‘കല്യാണക്കുറി’യില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഈ എ.പി.കെ ഫയലുകള്‍ ഫോണിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഇതോടെ ഫോണിലെത്തുന്ന മാല്‍വെയറുകള്‍ വഴി ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും തട്ടിപ്പുകാരുടെ കൈയ്യിലാകുന്നു.
ഇതോടെ നമ്മുടെ ഫോണില്‍നിന്ന് മെസ്സേജുകള്‍ അയയ്ക്കാനും പാസ്‌വേഡുകള്‍ കൈക്കലാക്കി പണം ട്രാന്‍സഫര്‍ ചെയ്യാനുമെല്ലാം ഇതോടെ തട്ടിപ്പുകാര്‍ക്ക് കഴിയും. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന തട്ടിപ്പ് വീരന്മാർ നമ്മള്‍ അയയ്ക്കുന്നതെന്ന വ്യാജേന, പണം ആവശ്യപ്പെട്ടുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ക്ക് തട്ടിപ്പുകാർ സന്ദേശമയയ്ക്കും. നമ്മള്‍പോലും അറിയാതെ മറ്റുള്ളവർ അയയ്ക്കുന്ന പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേയ്ക്ക് എത്തും. ഇതുകൂടാതെ, ഫോണിലൂടെയുള്ള നമ്മുടെ പ്രവൃ ത്തികള്‍ നിരീക്ഷിച്ച്, നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തി, നമ്മുടെ അക്കൗണ്ടുകളില്‍നിന്നുള്ള പണവും തട്ടിപ്പുകാർ ചോര്‍ത്തും.
പരിചയമില്ലാത്ത നമ്പറുകളിൽനിന്നുള്ള മെസ്സേജുകള്‍ ക്ലിക്ക് ചെയ്യുകയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാതിരിക്കുകയാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി. ഏതെങ്കിലും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് അത് അയച്ച നമ്പര്‍ പരിശോധിക്കുക. ഏതെങ്കിലും വിധത്തിലുള്ള സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകംതന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം.