പായസത്തിന്റെ രുചി കുറവായതിന്റെ പേരിൽ വിവാഹ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്നാട്ടിലെ സീർകാഴിയിലെ മയിലാടുതുറൈ സീർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്‍റെ പേരിൽ തമ്മിലടി നടന്നത്. സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്‍റെ പേരില്‍ ചിലർ എതിരഭിപ്രായം പറയുകയിരുന്നു. തുടർന്നുള്ള തർക്കത്തിൽ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളിൽ ചിലർ പറഞ്ഞതോടെ ഇരുഭാഗത്തും തർക്കം ഉടലെടുക്കുകയിരുന്നു. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.ഒടുവിൽ സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു.


 
                                         
                                        