മരിച്ചെന്ന് കരുതി ജനം നോക്കി നിന്നു; അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് യുവാവ് റോഡരികില്‍ കിടന്നത് 20 മിനിറ്റോളം; ദാരുണാന്ത്യം

മരിച്ചെന്ന് കരുതി ജനം നോക്കി നിന്നു; അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് യുവാവ് റോഡരികില്‍ കിടന്നത് 20 മിനിറ്റോളം; ദാരുണാന്ത്യം

തുറവൂര്‍: കാറിടിച്ച് പരിക്കേറ്റ് റോഡരികില്‍ ചോരവാര്‍ന്നു കിടന്ന യുവാവിന് ദാരുണാന്ത്യം. 20 മിനിറ്റോളമാണ് റോഡരികില്‍ യുവാവ് ചോരവാര്‍ന്ന് കിടന്നത്. അപകടമറിഞ്ഞു തടിച്ചുകൂടിയ ജനം യുവാവ് മരിച്ചെന്നു കരുതി കാഴ്ചക്കാരായി നിന്നു. കോടംതുരുത്ത് മഴത്തുള്ളി വീട്ടില്‍ പരമേശ്വരന്റെ മകന്‍ ധനീഷാണ് (29) ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് ദേശീയപാതയില്‍ കോടംതരുരുത്ത് ഗവ. എല്‍പി സ്‌കൂളിനു മുന്നില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

രണ്ട് അധ്യാപികമാര്‍ ഇടപെട്ടാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീപത്തെ കോടംതുരുത്ത് ഗവ. എല്‍.പി. സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന എം. ധന്യയും ജെസി തോമസുമാണ് റോഡിലെ ആള്‍ക്കൂട്ടം കണ്ട് അന്വേഷിച്ചെത്തിയത്. അറക്കാനുള്ള തടി മില്ലില്‍ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാല്‍നട യാത്രക്കാരനായ രാഹുലിനെയും (30) നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഹുലിന് പരിക്കേറ്റെങ്കിലും ബോധം ഉണ്ടായിരുന്നു.

കാര്‍ യാത്രക്കാര്‍ വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ രാഹുലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചോരയില്‍ കുളിച്ചു ചലനമറ്റ് കിടന്ന ധനീഷ് മരിച്ചെന്ന് കരുതി ഇതില്‍ കയറ്റിയില്ലെന്നാണ് വിവരം. അപകടം നടന്ന ഉടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും ധനീഷ് മരിച്ചെന്ന് കരുതി.

ധനീഷിനെ ഇരുവരും ചേര്‍ന്നു നിവര്‍ത്തി കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് മനസിലായി. അധ്യാപികമാര്‍ തന്നെ അതുവഴി വന്ന വാഹനം കൈകാട്ടി നിര്‍ത്തുകയും എല്ലാവരും ചേര്‍ന്ന് തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, അപ്പോഴേക്കും ധനീഷിന് മരണം സംഭവിച്ചിരുന്നു. ധനീഷിനെ അന്വേഷിച്ച് അപ്പോഴേക്കും സഹോദരന്‍ നിധീഷ് എത്തിയിരുന്നു.

സതിയാണ് ധനീഷിന്റെ മാതാവ്. മറ്റു സഹോദരങ്ങള്‍: ബിനീഷ്, നിഷ. ഗുരുതര പരുക്കോടെ രാഹുല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂട്ടര്‍ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു.

Ads by

Leave a Reply