1936 സെപ്റ്റംബർ 19, ഇംഗ്ലണ്ടിലെ റെയ്നാം എന്ന പുരാതന പ്രഭുവസതിയിലെത്തിയതായിരുന്നു ക്യാപ്റ്റൻ ഹുബെർട്ട് എന്ന ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ സഹായിയായ ഇൻദ്രേ ഷിറയും. വസതിയുടെ പ്രധാന കോണിപ്പടിയുടെ ചിത്രങ്ങളെടുത്തശേഷം ഇതു ഡവലപ് ചെയ്തപ്പോൾ അവർ ഞെട്ടിപ്പോയി. അതിൽ നീരാവി മനുഷ്യരൂപത്തിൽ ഉയർന്നതു പോലെ ഒരു പേടിപ്പെടുത്തുന്ന രൂപം. ഒരു സ്ത്രീയുടെ രൂപം. ഇത് കൺട്രി ലൈഫ് മാസികയിൽ പ്രസിദ്ധീകരിച്ചു.താമസിയാതെ ഈ ചിത്രം ചർച്ചയായി. എങ്ങനെ വന്നു ഫോട്ടോയിൽ അങ്ങനെയൊരു രൂപം. ഇതു പ്രേതമാണെന്നായിരുന്നു വ്യാപകമായ പ്രചാരണം.
എന്നാൽ ഫോട്ടോയ്ക്കെതിരെയും വിദഗ്ധർ രംഗത്തുവന്നു. ഫോട്ടോയെടുത്തവർ എന്തോ സൂത്രപ്പണി ഒപ്പിച്ചതാണെന്നും അതല്ല ഫോട്ടെയെടുത്തപ്പോൾ സംഭവിച്ച പിശക് മൂലമാണിതെന്നുമൊക്കെ വാദങ്ങളുയർന്നു.
ഈ ഫോട്ടോ നോർഫോക്കിലെ ബ്രൗൺലേഡിയെന്ന പേരിൽ പ്രശസ്തമായി. അതിനൊരു കാരണവുമുണ്ടായിരുന്നു. ഡൊറോത്തി വാൽപോൾ എന്ന ബ്രിട്ടിഷ് പ്രഭ്വിയുടെ പ്രേതം റെയ്നാമിലുണ്ടെന്ന് നീണ്ടനാളായി ഒരു കഥ പ്രചരിച്ചിരുന്നു. ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന റോബർട് വാൽപോളിന്റെ സഹോദരിയായ ഡൊറോത്തിയുടെ ഭർത്താവും നയതന്ത്രജ്ഞനുമായ ചാൾസ് ടൗൺസെൻഡ് വലിയ ദേഷ്യക്കാരനായിരുന്നു.
ഇടക്കാലത്ത് ഡൊറോത്തിയോട് അനിഷ്ടം തോന്നിയ ചാൾസ് അവരെ റെയ്നാം വസതിയിൽ പൂട്ടിയിട്ടെന്നും ഒടുവിൽ വസൂരി ബാധിച്ചു മരിച്ച ഡൊറോത്തിയുടെ പ്രേതം ആ വസതിയിൽ ചുറ്റിത്തിരിയുന്നുമെന്നായിരുന്നു കഥ. പലരും ഈ പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ബ്രൗൺനിറത്തിലുള്ള വസ്ത്രമാണ് അവർ ധരിച്ചതെന്നായിരുന്നു അവകാശവാദം. അങ്ങനെ ബ്രൗൺ ലേഡി എന്ന പേര് കിട്ടി. ബ്രൗൺലേഡിയും അവരുടെ ഫോട്ടോയും ഇന്നുമൊരു ചുരുളഴിയാ രഹസ്യമായി തുടരുന്നു. പ്രേതങ്ങളുടെ ഫോട്ടോയെടുക്കുന്നത് ഫോട്ടോഗ്രഫിയിലെ ഒരു പ്രത്യേകശാഖ തന്നെയായിരുന്നു ഒരുകാലത്ത്. അതാണ് ഗോസ്റ്റ് ഫോട്ടോഗ്രഫി.
ഇന്നും ഇന്നലെയുമല്ല ഈ ഫോട്ടോഗ്രഫിയുടെ തുടക്കം. 19ാം നൂറ്റാണ്ടുമുതൽ ഇതുണ്ട്. 1850–60 കാലഘട്ടത്തിൽ ക്യാമറകൾ അതിന്റെ ബാല്യദശയിലാണ്.സ്റ്റീരിയോസ്കോപിക് ഇമേജുകൾ,ഡബിൾ എക്സ്പോഷറുകൾ തുടങ്ങിയവയിൽ പരീക്ഷണം നടത്തിയ അന്നത്തെ ചില ഫോട്ടോഗ്രഫർമാർ ഇതിൽ ഒരു വിപണന സാധ്യത കണ്ടെത്തി.
വില്യം മംലർ എന്നയാളായിരുന്നു ഇതിലെ പ്രമുഖൻ. ആദ്യമായി ഒരു പ്രേതചിത്രമിറക്കിയതും മംലറാണ്. മരിച്ചവരുടെ ചിത്രങ്ങൾ ക്യാമറയുടെ പ്ലേറ്റിൽ ഉൾപ്പെടുത്തി തിരിമറി നടത്തിയാണ് മംലർ ഇതു സാധിച്ചത്. ഏബ്രഹാം ലിങ്കന്റെ പ്രേതത്തിന്റെ ചിത്രം വരെ മംലർ ഇങ്ങനെ സൃഷ്ടിച്ച് ആളുകളെ പറ്റിച്ചു. ഒടുവിൽ മംലർ പിടിയിലായി. ഒന്നാം ലോകയുദ്ധസമയത്ത് ഇത്തരം ചിത്രങ്ങളുടെ സ്വീകാര്യത കൂടി. ആർതർ കോനൻ ഡോയ്‌ലിനെപ്പോലുള്ള പ്രമുഖ എഴുത്തുകാർ പോലും ഇതിൽ ആകൃഷ്ടരാകുകയും വിശ്വസിക്കുകയും ചെയ്തു. ഇത്തരം ഫോട്ടോഗ്രഫിയിൽ പലതും വൻതട്ടിപ്പാണെന്ന് പിൽക്കാലത്ത് തെളിഞ്ഞു