അധ്യാപികയുടെയും മകളുടെയും മരണം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

അധ്യാപികയുടെയും മകളുടെയും മരണം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

കളനാട് അരമങ്ങാനത്ത് അധ്യാപികയും മകളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്തായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാര എരോൽ ജുമാ മസ്ജിദിനടുത്തെ സഫ്‍വാൻ ആദൂ‍ർ(29)നെയാണ് മേൽപറമ്പ് ഇൻസ്പെക്ടർ ടി.ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ആത്മഹത്യ പ്രേരണ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
സെപ്റ്റംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന അരമങ്ങാനം ഹദ്ദാദ് നഗറിലെ എം.എ.റുബിന (32) മകൾ കെ.ഹനാന മറിയം (5) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 15നു മകളെയും പേരമകളെയും കാൺമാനില്ലെന്നു കാണിച്ച് റുബിനയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നു നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്നു ബോധ്യപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് താജുദ്ദീൻ പിന്നീട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്കാരന്റെയും ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ യുവതി 9 വർഷമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ബാര സ്വദേശിയായ അധ്യാപകനുമായി സൗഹൃദത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ ചാറ്റുകൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് മൊഴി എടുക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച അധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Leave a Reply