മോഡലും ടെലിവിഷൻ താരവുമായ ഷിയാസ് കരീം പീഡനത്തിന് ഇരയാക്കിയ യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു. ചിത്രങ്ങളും വ്യക്തി വിവരങ്ങളും പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് അറേബ്യൻ മലയാളി വ്‌ളോഗ് എന്ന യുട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.
വിവാഹ വാഗ്ദാനം നൽകി കാസർഗോഡ് സ്വദേശിനിയും ജിം ട്രെയിനറുമായ യുവതിയെ നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി ഷിയാസ് കരീം ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയായ യുവതിയെ മർദിക്കുകയും ഗർഭഛിത്രം നടത്തുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
അതേസമയം വിവാഹ വാഗ്ദാനം നൽകിയിരുന്നതായും യുവതിയുടെ സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും ഷിയാസ് കരീം നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹിതയാണെന്നും ഒരു കുട്ടിയുടെ മാതാവാണെന്ന കാര്യവും മറച്ച് വെച്ച് യുവതി തന്നെ വഞ്ചിക്കുകയായിരുന്നെന്നാണ് ഷിയാസ് കരീം പറയുന്നത്. യുവതിയുടെ പരാതിയിൽ അറസ്റ്റിലായ ഷിയാസ് കരീമിനെ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.