കാര്‍ ഷോറൂമില്‍ യുവതിയെയും സുഹൃത്തുക്കളെയും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു

കാര്‍ ഷോറൂമില്‍ യുവതിയെയും സുഹൃത്തുക്കളെയും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു

വൈറ്റില യൂസ്ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതിയെയും സുഹൃത്തുക്കളെയും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായാണ് പരാതി. എളംകുളത്തുള്ള ഷോറൂമിലെ ജീവനക്കാര്‍ക്കെതിരേ ലഭിച്ച പരാതിയില്‍ മാനേജര്‍ ജോസ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കടവന്ത്ര പോലീസ് കേസെടുത്തു. കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഷോറൂമിലെത്തിയ കരുമാലൂര്‍ സ്വദേശികളായ നിധിന്‍, സോഫിയ, ശ്രുതി, ഷംസീര്‍ എന്നിവരെ ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചുവെന്നും സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചെന്നുമാണ് പരാതി.
മര്‍ദനമേറ്റ സോഫിയയുടെ ട്രൂ വാല്യു ഷോറൂമില്‍നിന്നു വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കിയിരുന്നില്ല. ഷോറൂമില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി. ഇക്കാര്യം ചോദിച്ചപ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഷോറൂം മാനേജര്‍ സോഫിയയെയും സുഹൃത്തുക്കളെയും മുറിയില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിധിന്റെ മൂക്കിന് ഗുരുതര പരിക്കേറ്റു. ശ്രുതിയുടെ കൈക്കും പരിക്കുണ്ട്. നിലത്തിട്ട് ചവിട്ടിയതായും പെണ്‍കുട്ടികളോട് അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. പൂട്ടിയിട്ട് കടന്നുകളഞ്ഞ ജീവനക്കാര്‍ പെണ്‍കുട്ടികള്‍ പോലീസിനെ വിളിക്കുമെന്ന് കണ്ടതോടെയാണ് തുറന്നുവിട്ടത്. മാനേജര്‍ ജോസിനെതിരേയും കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ക്കെതിരേയുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു

Leave a Reply