കുടിവെള്ളം ചോദിച്ച്‌ ഗർഭിണി, വഴിമാറി പോകുന്ന അതിബുദ്ധി; ‘മിന്നൽക്കുരുക്കിട്ട്’ പൊലീസ് ബ്രില്യൻസ്‌

കുടിവെള്ളം ചോദിച്ച്‌ ഗർഭിണി, വഴിമാറി പോകുന്ന അതിബുദ്ധി; ‘മിന്നൽക്കുരുക്കിട്ട്’ പൊലീസ് ബ്രില്യൻസ്‌

2018 ഡിസംബർ‌ 22 ഉച്ച. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിനു സമീപത്തെ വീട്ടിൽ തനിച്ചായിരുന്നു ശ്രീധരൻ നായർ എന്ന വയോധികൻ. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു വരാന്തയിലേക്കിറങ്ങിയ ശ്രീധരൻ നായർ കണ്ടത് നാലു നാടോടി യുവതികൾ മുറ്റത്തേക്കു കയറുന്നതാണ്. അതിലൊരാൾ ഗർഭിണിയായിരുന്നു. രണ്ടു കൊച്ചുകുട്ടികളും ഒപ്പമുണ്ട്. അവർ ശ്രീധരൻ നായരുടെ അടുത്തെത്തി കുടിക്കാൻ കുറച്ചു വെള്ളം തരുമോ എന്നു ചോദിച്ചു. തളർന്ന മുഖത്തോടെ നിൽക്കുന്ന ഗർ‌ഭിണിയെയും ക്ഷീണിച്ച കുട്ടികളെയും കണ്ടപ്പോൾ ശ്രീധരൻ നായർ അവരോടു കാത്തുനിൽക്കാൻ‌ പറഞ്ഞ് അകത്തേക്കു പോയി വെള്ളവുമായി വന്നു.
വെള്ളം കുടിച്ചതിന്റെ ആശ്വാസത്തിൽ ഗർഭിണിപ്പെൺകുട്ടിയും കൂടെയുള്ളവരും അദ്ദേഹത്തോടു നന്ദി പറഞ്ഞു. കുറച്ചുനേരം കുശലം പറഞ്ഞുനിന്നപ്പോൾ സംഘത്തിലെ ഒരു സ്ത്രീ വീടിന്റെ വശത്തുനിന്ന് അവർക്കൊപ്പം ചേർന്നു. അവൾ എവിടെപ്പോയതാണെന്ന് ശ്രീധരൻ നായർ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും സംഘം തിരികെ നടന്ന് ഗേറ്റ് കടന്നു പോയി. അവരുടെ ധൃതി പിടിച്ച പോക്കിൽ ശ്രീധരൻ നായർക്കൊരു പന്തികേടു തോന്നി. പെട്ടെന്നു വീട്ടിനുള്ളിലെത്തി പരിശോധിച്ചു. കുറച്ചു മുൻപ് അകത്തുനിന്നു കുറ്റിയിട്ടിരുന്ന അടുക്കളവാതിൽ ഇപ്പോൾ പുറത്തുനിന്നാണു കുറ്റിയിട്ടിരിക്കുന്നത്. പരിഭ്രമിച്ചുപോയ അദ്ദേഹം മുറിക്കുള്ളിൽ നോക്കി. അലമാര വാതിൽ തുറന്നിരിക്കുന്നു. അതിനുള്ളിലെ ചെറിയ ലോക്കറിലിരുന്ന 28 പവൻ കാണാനില്ല. നാടോടികൾ തന്നെ പറ്റിച്ച് വീട്ടിൽ മോഷണം നടത്തിയെന്ന് ശ്രീധരൻ നായർക്കു മനസ്സിലായി.
സമർഥമായി മോഷ്ടിച്ച് കടക്കുന്നതു ശീലമാക്കിയ ആ നാടോടിസംഘത്തിനു പറ്റിയ ചെറിയൊരു കൈപ്പിഴ അത്തവണ അവരെ കുരുക്കി. മോഷണം നടത്തിയ ശേഷം മൂന്നു വാഹനങ്ങൾ മാറിക്കയറി ജില്ല വിട്ട അവരെ അഞ്ചു മണിക്കൂറിനുള്ളിൽ പൊലീസ് വലയിലാക്കി. വിവരമറിഞ്ഞയുടൻ മിന്നൽ വേഗത്തിൽ പ്രവർത്തിച്ച പൊലീസ് സംഘം, മോഷ്ടാക്കളൊരുക്കിയ വഴിതെറ്റിക്കൽ‌ കെണികളെ ബുദ്ധിപരമായി മറികടന്നാണ് അവരെ പിടികൂടിയത്. കേരള പൊലീസിന്റെ ചരിത്രത്തിൽ അതിവേഗം തെളിയിക്കപ്പെട്ട കേസുകളിലൊന്നായി അത്. അതിങ്ങനെയായിരുന്നു:
ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തന്‍സീം അബ്ദുൽ സമദ് കൈകഴുകി വന്ന് ഭക്ഷണം കഴിക്കാനിരുന്നു. പൊതി തുറക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. സമദ് എഴുന്നേറ്റു ഫോണെടുത്തു. ശ്രീധരന്‍ നായർ എന്നു പേരു പറഞ്ഞയാൾ, തന്റെ വീട്ടിൽ മോഷണം നടന്നെന്നും നാലു സ്ത്രീകളടങ്ങുന്ന സംഘം രക്ഷപ്പെട്ടിട്ട് ഏതാനും മിനിറ്റുകൾ മാത്രമേ ആയിട്ടുള്ളൂവെന്നും പറഞ്ഞു. ഭക്ഷണപ്പൊതി അടച്ചുവച്ച് സമദ് പൊലീസുകാരുമായി ശ്രീധരൻ നായരുടെ വീട്ടിലേക്കു കുതിച്ചു.
വീടും പരിസരവും പരിശോധിച്ച സമദിനും സംഘത്തിനും നാടോടി സംഘത്തിന്റെ മോഡസ് ഓപ്പറാൻഡി മനസ്സിലായി. ശ്രീധരൻ നായർ വെള്ളമെടുക്കാൻ പോയപ്പോൾ സംഘത്തിലെ ഒരു സ്ത്രീ വീടിനു പിന്നിലേക്കു പോയി. മറ്റുള്ളവര്‍ മുന്‍വശത്തു നിന്നു. അദ്ദേഹം വെള്ളവുമായെത്തി അവർക്കു കുടിക്കാൻ കൊടുത്തു. അവർ സാവധാനം വെള്ളം കുടിക്കുന്നതിനിടെ അദ്ദേഹത്തോടു പല കാര്യങ്ങളും സംസാരിച്ചു ശ്രദ്ധ തിരിച്ചു. അപ്പോൾ വീടിന്റെ പിന്നിലെത്തിയ സ്ത്രീ അടുക്കളയിലെ ഗ്രില്ലിട്ട വാതിലിന്റെ കുറ്റി പുറത്തുനിന്ന് കയ്യിട്ട് എടുത്തുമാറ്റി തുറന്ന് അകത്തെത്തി. പിന്നെ മുറിയിലെത്തി അലമാര തുറന്ന് ഉള്ളിലെ ചെറിയ ലോക്കറിൽനിന്ന് സ്വർണമെടുത്ത ശേഷം അടുക്കള വാതിൽ വഴി തന്നെ പുറത്തിറങ്ങി ആ വാതിൽ അടച്ചു. പക്ഷേ അകത്തെ കുറ്റിയിടുന്നതിനു പകരം പുറത്തെ കുറ്റിയാണ് ഇട്ടത്. പിന്നെ പെട്ടെന്നു വീടിന്റെ മുൻവശത്തെത്തി. അവൾ എത്തിയതോടെ മറ്റുള്ളവർ ശ്രീധരൻ നായരുമായുള്ള സംസാരം അവസാനിപ്പിച്ച് പെട്ടെന്നു പുറത്തേക്കു പോകുകയായിരുന്നു.
പൊലീസ് സംഘം പെട്ടെന്നു കർ‌മനിരതരായി. അടുത്തുള്ള ബസ് സ്റ്റോപ്പുകളും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് ഉടൻ അന്വേഷണം തുടങ്ങി. നാടോടി സ്ത്രീകളായതിനാല്‍ വേഗം തിരിച്ചറിയാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അവർ. എന്നാൽ, നാടോടി സംഘത്തിന്റെ ചില തന്ത്രങ്ങൾ കുറച്ചു നേരത്തേക്കെങ്കിലും പൊലീസിനെ വലച്ചു. അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽനിന്ന് ഒരു വിവരം കിട്ടി. ഗർഭിണിയടക്കം നാലു സ്ത്രീകളുള്ള നാടോടിസംഘം ഓട്ടോയിൽ കല്ലമ്പലം ഭാഗത്തേക്കു പോയി എന്നായിരുന്നു വിവരം. എസ്ഐ പെട്ടെന്ന് കല്ലമ്പലത്തേക്കു പോയി. അതേസമയം പൊലീസിന്റെ ഷാഡോ ടീം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടങ്ങിയിരുന്നു. സംഘം പോയ ഓട്ടോയിലെ ഡ്രൈവറുടെ നമ്പർ സംഘടിപ്പിച്ച് പൊലീസ് വിളിച്ചു. പക്ഷേ അപ്പോഴേക്കും നാടോടി സംഘത്തെ കല്ലമ്പലം ജംക്‌ഷനിൽ ഇറക്കിയിരുന്നു. അവിടെനിന്ന് അവർ വർക്കല ഭാഗത്തേക്കു നടക്കുന്നതു കണ്ടെന്നും ഡ്രൈവർ പറഞ്ഞു. ആ റൂട്ടിൽ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല.
അത് മോഷണ സംഘത്തിന്റെ ഒരു തന്ത്രമായിരുന്നു. പിന്നാലെ ആരെങ്കിലും അന്വേഷിച്ചു വന്നാൽ അവരെ വഴി തെറ്റിക്കാനുള്ള സൂത്രം. ഓട്ടോയിൽനിന്നിറങ്ങി ഡ്രൈവറുടെ മുന്നിലൂടെ വര്‍ക്കല ഭാഗത്തേക്കു നടന്ന സംഘം, ഓട്ടോ ഡ്രൈവര്‍ പോയശേഷം റൂട്ടു മാറ്റി. ഏറെ നേരത്തേ അന്വേഷണത്തിനു ശേഷമാണ് ജംക്‌ഷനിലെ കടയുടമകളില്‍നിന്ന് പൊലീസിന് ഈ വിവരം ലഭിച്ചത്. കൂടുതൽ അന്വേഷിച്ചപ്പോൾ അവിടെ ഓട്ടോ സ്റ്റാൻഡിൽനിന്ന് ഒരു ഓട്ടോയിൽ സംഘം കൊല്ലത്തേക്കു പോയെന്നറി‍ഞ്ഞു.
ആ ഓട്ടോയുടെ ഡ്രൈവറുടെ നമ്പരെടുത്ത് പൊലീസ് വിളിച്ചപ്പോഴേക്കും നാടോടി സംഘത്തെ കല്ലുവാതുക്കല്‍ ജംക്‌ഷനിൽ ഇറക്കിയിരുന്നു. കല്ലുവാതുക്കല്‍നിന്ന് ഇടതു വശത്തേക്കുള്ള റോഡിലൂടെ നാടോടി സംഘം പോയെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. വീണ്ടും പൊലീസ് അന്വേഷണമുണ്ടായാൽ വഴി തെറ്റിക്കാനുള്ള ശ്രമമായിരുന്നു അതും. പൊലീസ് അവിടെയെത്തി അന്വേഷിച്ചു. ഓട്ടോയിൽനിന്നിറങ്ങി ഇടതു വശത്തേക്കു പോയ സംഘം ഓട്ടോ പോയിക്കഴിഞ്ഞ് വലതു വശത്തേക്കു നടന്നു. അവിടെനിന്ന് വീണ്ടുമൊരു ഓട്ടോ വിളിച്ചു കൊല്ലത്തെ ചിന്നക്കടയില്‍ ഇറങ്ങിയിരുന്നു. ആ ഓട്ടോ ഡ്രൈവറിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലീസ് തിരച്ചിൽ തുടങ്ങി.
റെയിൽവേ സ്റ്റേഷനിൽ തിരച്ചിൽ നടത്തിയ പൊലീസ് ഷാഡോ ടീം അവിടെ അഞ്ചു നാടോടി സ്ത്രീകളെയും നാലു കുട്ടികളെയും കണ്ടെത്തി. ആറ്റിങ്ങലിലെ മോഷണ സംഘത്തില്‍ നാലു സ്ത്രീകളും രണ്ടു കുട്ടികളുമാണുണ്ടായിരുന്നത്. ഈ സംഘമല്ല മോഷണം നടത്തിയത് എന്ന ധാരണയിലായിരുന്നു ആദ്യം പൊലീസ്. എങ്കിലും അത് ഉറപ്പുവരുത്താൻ അവരുടെ ഫോട്ടോ ഷാഡോ ടീം ആറ്റിങ്ങല്‍ എസ്ഐക്ക് അയച്ചു. എസ്ഐ ആറ്റിങ്ങലിലെ ഓട്ടോ ഡ്രൈവറെ ചിത്രം കാണിച്ചു. ആറ്റിങ്ങലില്‍നിന്നു കല്ലമ്പലത്തേക്കു പോകാന്‍ ഓട്ടോയില്‍ കയറിയ സംഘത്തിലെ മൂന്നുപേരെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു.
നാടോടി സംഘത്തെ കൊല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ചു വനിതാ പൊലീസുകാര്‍ ദേഹ പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കിട്ടിയില്ല. പൊലീസ് ആശയക്കുഴപ്പത്തിലായി. അപ്പോഴാണ്, റെയിൽവേ സ്റ്റേഷനിൽ നാടോടി സംഘം നിന്നിരുന്നതിന്റെ അടുത്ത് ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടിയിട്ടിരുന്നെന്ന് ഒരു ഉദ്യോഗസ്ഥന് ഓർമ വന്നത്. പൊലീസ് ടീം പെട്ടെന്ന് അവിടെയെത്തി തിരഞ്ഞു. പാഴ്‌വസ്തുക്കൾക്കിടയിൽനിന്ന് 44 പവനും 70,000 രൂപയും ലഭിച്ചു. ആ സ്വർണാഭരണങ്ങളിൽ ശ്രീധരൻ നായരുടെ വീട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട 28 പവനും ഉണ്ടായിരുന്നു. സേലം സ്വദേശികളായ ബാലമണി, രാധ, കൃഷ്ണമ്മ, മസാനി, ജ്യോതി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

Leave a Reply