വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കം തുടങ്ങിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ അയോഗ്യതക്കെതിരായ നിയമ പോരാട്ടത്തിനാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്നാൽ ദേശീയ ശ്രദ്ധ നേടുന്ന സ്ഥാനാർഥിയെ തന്നെ കോൺഗ്രസ് രംഗത്തിറക്കാനാണ് കോൺഗ്രസിന്റെ നീക്കം. അതെ സമയം എൽഡിഎഫും കരുത്തനായ നേതാവിനെ തന്നെയാണ് കളത്തിലിറക്കാൻ പദ്ധതിയിടുന്നത്.
വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമൊഴിവാക്കാനുള്ള നിയമപരമായ പോരാട്ടം കോൺഗ്രസ് നടത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും. എങ്കിലും ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നാൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന സ്ഥാനാർഥിയെ തന്നെ കളത്തിലിറക്കണമെന്നാണ് കോൺഗ്രസിലെ പൊതുവികാരം.
ദേശീയ ശ്രദ്ധയുള്ള നേതാവ് വേണമെന്ന വികാരം ഉയരുന്നതിനാൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധിയെ തന്നെ വയനാട്ടിൽ സ്ഥാനാർഥിയായി എത്തിക്കാനുള്ള നീക്കമായിരിക്കും എ.ഐ.സി.സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക. കൂടാതെ പ്രിയങ്ക ഗാന്ധിയുടെ പേരുകൾ ചിലയിടത്ത് നിന്ന് ഉയരുന്നുണ്ട്.അയോഗ്യതക്ക് ശേഷം വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയിലടക്കം പ്രിയങ്കയുടെ സാന്നിധ്യം അതിന്റെ സൂചനയായാണ് കരുതുന്നത്.
2019 ൽ 431542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി പി സുനീറിനെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ പരാജയപ്പെടുത്തിയത്. അന്ന് വയനാട് ഉൾപ്പെടെ രണ്ട് മണ്ഡലങ്ങളിലാണ് രാഹുൽ മത്സരിച്ചത്. എന്നാൽ മറ്റൊരു മണ്ഡലമായ അമേറ്റിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെടുകയിരുന്നു.
അയോഗ്യനാക്കിയ സംഭവത്തിൽ രാഹുലിന് പിന്തുണ നൽകിയില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി കണ്ട് മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കാൻ എൽ.ഡി.എഫും ശ്രമിക്കും.സി.പി.ഐക്കാണ് നിലവിൽ വയനാട് സീറ്റ് . സ്ഥാനാർഥിയെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ സിപിഐയിൽ ഉടൻ ആരംഭിക്കും. ദേശീയ നേതാക്കളെ തന്നെ ബി.ജെ.പിയും കളത്തിലിറക്കും.