കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സുപ്രധാന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
ദില്ലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചു കൊണ്ട് സ്ഥാനാർത്ഥിയെ വെളിപ്പെടുത്തിയത്. കെപിസിസി പ്രസിഡന്‍റ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചാണ്ടി ഉമ്മനുമായി ദീർഘ നേരം സംസാരിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി 27 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 നാണ് .സെപ്തംബർ അഞ്ചിന് മണ്ഡലത്തിൽ വോട്ടെടുപ്പ് ആരംഭിക്കും.സെപ്തംബർ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും.ഈ ഓണക്കാലത്ത് കേരളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീപാറുന്ന പ്രചാരണ പരിപാടികൾക്ക് കൂടി സാക്ഷിയാകും. വൻ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്.
കഴിഞ്ഞ 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലമായിരുന്നു പുതുപ്പള്ളി. കഴിഞ്ഞ തവണ ഭൂരിപക്ഷം തീരെ കുറഞ്ഞത് ഇടതുമുന്നണിയുടെ പ്രതീക്ഷയുടെ ആക്കം കൂട്ടുന്നു.. സിപിഎം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ, ഡൽഹി സർവകലാശാലയിൽ നിന്നും ക്രിമിനോളജി, കോൺസ്റ്റിറ്റ്യൂഷൻ ആന്‍ഡ് അഡ്മിനിസ്ട്രേഷനിൽ നിയമ ബിരുദം നേടിയിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് രണ്ട് സമ്മർ കോഴ്സുകളും നേടിയിട്ടുണ്ട്.