കോവിഡ് കാലത്ത് സജീവമായ ഒടിടികൾ തിയറ്റർ വ്യവസായത്തിന് ഭീഷണിയാകുമോയെന്ന ചർച്ച അന്ന് മുതൽ ആരംഭിച്ചതാണ്. രണ്ടും ഒരു പോലെ മുന്നോട്ട് പോകുമെന്നാണ് സിനിമാ പ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ ആ വാദം തള്ളി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഒടിടി പ്ലാറ്റ്ഫോമുകളും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളും അവർ അവരുടെ വീട്ടിലിരുന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന വ്യവസായത്തിന്റെ മുക്കാല്‍ പങ്കും കൊണ്ടുപോകുകയാണ്. സിനിമ തന്നെ എടുത്തുനോക്കൂ. നമ്മുടെ നാട്ടിൽ തന്നെ നടക്കുന്ന സിനിമയുടെ പ്രധാന കച്ചവടക്കാർ ആരായി, നെറ്റ്ഫ്ലിക്സും പ്രൈമും ആണ്.
നമ്മളെ അവർ പുറത്തിരുന്ന് ഭരിക്കുന്നു. നല്ല പൈസയ്ക്ക് അവര്‍ താരങ്ങളുടെ പടം വാങ്ങും. പിന്നെ അവരുടെ ഇഷ്ടത്തിന് പടം ചെയ്തുകൊടുക്കണം. പിന്നെ അവർ പറയുന്നതായി അതിന്റെ വില. ക്രമേണം അതവരുടെ കച്ചവടായി മാറും. നമ്മുടെ നാടിന് ഉപകരിക്കുന്ന നികുതി അവരുടെ വീട്ടിലേക്ക് പോകും. ഒരു വ്യവസായം എന്ന രീതിയിൽ നമ്മുടെ നാട്ടിലെ ആളുകളാണ് ആ കച്ചവടം നടത്തേണ്ടത്. നമ്മുടെ ആളുകൾ പറയുന്നതാണ് അതിന്റെ വില, അവരല്ല അത് തീരുമാനിക്കേണ്ടത്.
20 ദിവസം കഴിഞ്ഞ് സിനിമ ഒടിടിയിൽ കൊടുക്കുമ്പോൾ കാലക്രമേണ തിയറ്റർ എന്ന വ്യവസായം ഇല്ലാതാകും. തിയറ്ററിലേക്ക് ആളുകൾ വരാതാകും. സിനിമ എന്നെ പ്രചോദിപ്പിച്ചത് തിയറ്ററിൽനിന്നു കണ്ടതുകൊണ്ടാണ്. ആ വ്യവസായം കൈവിട്ടുകളയരുത്. കോവിഡ് വന്ന് ലോകത്തെ എല്ലാ ഇൻഡസ്ട്രിയും നിലച്ചപ്പോൾ മലയാളത്തിൽനിന്നു മാത്രമാണ് തുടർച്ചയായ റിലീസുകള്‍ ഉണ്ടായത്. ചെറിയ സംസ്ഥാനത്തുനിന്ന് ചെലവു കുറച്ച് ക്വാളിറ്റി ചിത്രങ്ങൾ ഉണ്ടാക്കുന്നത് മലയാളത്തിൽ നിന്നാണെന്നും ഷൈൻ ടോം പറഞ്ഞു.