അനുസ്മരണം:  നന്മയുടെ പൂമരംഎം. എം. താജുദീൻ മേൽപറമ്പ്

അനുസ്മരണം: നന്മയുടെ പൂമരംഎം. എം. താജുദീൻ മേൽപറമ്പ്

മേൽപറമ്പിന്റെ ഒരു സംരക്ഷിത മതിലായിരുന്നു താജുച്ച എന്ന് എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന എം. എം. താജുദീൻ. താജുച്ചാന്റെ പഴയ മോട്ടർ സൈക്കിളിന്റെ ഇരമ്പൽ ശബ്ദം ദൂരെ നിന്ന് കേൾക്കാം. രാപ്പകലുകളിൽ പീടിക വരാന്തയിലും ഇട വഴികളിലും തങ്ങി നിന്നിരുന്ന സാമൂഹിക ദ്രോഹികളും നേരമ്പോക്കികളും താജുച്ചാന്റെ മോട്ടോർ സൈക്കിളിന്റെ ശബ്ദം കേട്ടാൽ, ആ നിഴൽ കണ്ടാൽ അവർ മാറിക്കളിയുമായിരുന്നു.

തൊള്ളായിരത്തി എഴുപതു മുതൽ രണ്ടായിരത്തിന്റെ ആദ്യ കാലഘട്ടം വരെ താജുച്ച മേൽപറമ്പിൽ എന്നും ഒരു നിറ സാന്നിധ്യമായിരുന്നു. വ്യക്തമായ രാഷ്ട്രീയ ആദർശം മുറുകെ പിടിക്കുമ്പോളും നാടിന്റെ പൊതു ആവശ്യങ്ങൾക്കും സഹ ജീവികളുടെ വേദനയിലും കക്ഷി രാഷ്ട്രീയം നോക്കാതെ താജുച്ച പിന്തുണക്കും. നാടിന്റെ സമാധാനം, സൗഹാർദം, വികസനം എന്നിവ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപനവും ലക്ഷ്യവും. മത, കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവരും താജുച്ചാനെ സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. അതാണ് താജുചയ്ക്ക് മേൽപറമ്പിലുണ്ടായിരുന്ന സ്വീകാര്യത. താജുച്ച കർമ മണ്ഡലങ്ങളിൽ സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചവരാണ് നാം ഓരോ മേൽപറമ്പുകാരും.

മർഹൂം എം. എം. അബ്ദുല്ല കുഞ്ഞി ആയിഷ ദമ്പതികളുടെ മകനായി 1949 ഫെബ്രുവരി 3 ന് തളങ്കരയിൽ ജനനം. വിദ്യാഭ്യാസം കാസഗോഡ് സകൂളുകളിൽ.

35 വർഷം പീ. ഡബ്ല്യൂ, ഡീ കോൺട്രാക്ടർ ആയി സർക്കാറിന്റെ ജില്ലയിലെ മേജർ പ്രൊജെക്ടുകൾ ഒക്കെ താജുച്ച ഏറ്റെടുത്തു മനോഹരമായി പൂർത്തിയാക്കിയിട്ടുണ്ട്. പൊതു മരാമത്ത് മന്ത്രിയായിരുന്ന ടീ. കെ ദിവാകരനിൽ നിന്നും ഏറ്റവും നല്ല കരാറുകാരനുള്ള അവാർഡ് താജുച്ച സ്വീകരിച്ചിരുന്നു.

ഇരുപത് വർഷത്തിലധികം യാതൊരുവിധ കേടു പാടും സംഭവിക്കാതെ വളരെ മനോഹരമായി നില നിന്നിരുന്ന കാസറഗോഡ് നഗര ഹൃദയത്തിലെ പാതയാണ് ട്രാഫിക് ജന്കഷൻ പാർക്കർ ഹോട്ടൽ റോഡ്. ദിനേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിന്റെ പണി ഏറ്റെടുത്തു ചെയ്തിരുന്നത് PWD കോൺട്രാക്ടർ ആയിരുന്ന മേൽപറമ്പ് എം. എം. താജുദീൻ.

പുതിയപുര കുഞ്ഞാലിച്ച ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് ആയ കാലഘട്ടം മുതൽ കുറെ കാലം പഞ്ചായത്തിന്റെ മിക്ക മരാമത്ത് ജോലികൾ ചെയ്തിരുന്നത് താജുച്ചയുടെ മേൽ നോട്ടത്തിൽ തന്നെയായിരുന്നു. മർഹൂം കല്ലട്ര അബ്ബാസ് ഹാജി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന 1988 കാലത്താണ് ചെമനാട് പഞ്ചായത്തിൽ മുഴുവനായും ബസ് വെയ്റ്റിംഗ് സ്റ്റാൻഡുകൾ നിർമ്മിച്ചത്. അന്ന് മനോഹരമായ സ്റ്റാൻഡുകൾ പണിതത് താജുച്ച തന്നെയായിരുന്നു. താജുച്ച ഏറ്റെടുത്തു ചെയ്തിരുന്ന മരാമത്ത് ജോലിയിൽ നിന്നും ലഭിക്കുന്ന ലാഭത്തേക്കാൾ അദ്ദേഹം മുൻഗണന നൽകിയിരുന്നത് അതിന്റെ ക്വാളിറ്റിക്കായിരുന്നു. അതാണ് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത. ചന്ദ്രഗിരി സ്കൂൾ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ സ്കൂളിന്റെ മെയിൻ ബിൽഡിങ്ങും ചുറ്റു മതിലും എല്ലാം പണിതത് താജുച്ച തന്നെയായിരുന്നു.

ആമിന, റാബിയ, സഫിയ തുടങ്ങിയ പേരുകളിൽ ഓൾ ഇന്ത്യ പെർമിറ്റുള്ള 8 ലോറികൾ താജുച്ചയ്ക്കുണ്ടായിരുന്ന ഇന്നത്തെ പോലെ മണൽ വില കൂടിയ ഒരു അപൂർവ വസ്തുവായി മാറുന്നതിനു മുമ്പ് താജുച്ച മണൽ വ്യാപാരവും ചെയ്തിരുന്നു. താജുച്ച തന്റെ കരാർ പണികൾക്കായി തമിഴ് നാട്ടിൽ നിന്നും ജോലിക്കാരെ കൊണ്ട് വന്നതിനു ശേഷമാണ് നമ്മുടെ നാട്ടിൽ സകല ജോലിക്കും തമിഴർ വന്നു തുടങ്ങിയത്.

നല്ലൊരു ഫുട്ബോൾ താരവും ഫുട്ബോൾ പ്രേമിയുമായ താജുച്ച. കാസറഗോഡ് ജില്ലയിൽ ഒരു കാലത്ത് ടൂർണമെന്റുകളിൽ സുപരിചിതമായ നാമമായിരുന്നു താജുചാന്റേത്. കളിക്കുക എന്നതിനേക്കാൾ കളിപ്പിക്കാനും കളിയെ പ്രോത്സാഹിപ്പിക്കുവാനുമാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. ഫുട്ബോൾ താജുച്ചാക്ക് അത്രയ്ക്കും ആവേശം നിറഞ്ഞതായിരുന്നു. മേൽപറമ്പിൽ ജോളി ബ്രതെഴ്സ്, യുണൈറ്റഡ്, എം എസ് സീ തുടങ്ങിയ ക്ലബ്ബ്കൾക്ക് വേണ്ടി താജുച്ച ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൻ കുഞ്ഞി മാഷ്, യു. എം. അഹമ്മദലി, എം. എ. മുഹമ്മദ് കുഞ്ഞി, രാഘവൻ നടക്കാൽ, ശ്രീധരൻ നടക്കാൽ, കടവത്ത് ഹമീദ്, പാറപ്പുറം ഷാഫി തുടങ്ങിയവർ ഒക്കെയായിരുന്നു താജുച്ചാന്റെ കൂടെ. ഉത്തര മലബാറിൽ അക്കാലത്ത് നടക്കുന്ന മിക്ക ഫുട്ബോൾ ടൂർണമെന്റുകളിലും മേല്പറമ്പിൽ നിന്നും ഒരു ടീമിനെ താജുച്ച സ്വന്തം പണം ചിലവാക്കി ഇറക്കിയിരുന്നു. നല്ല കളിക്കാരെ പുറത്തു നിന്നും ഇറക്കി ആ ട്രോഫി കരസ്ഥമാക്കണമെന്ന് താജുച്ചാക്ക് നിർബന്ധമാണ്. സ്ഥിരമായി തളങ്കരയിലെ ചില കളിക്കാർ മേല്പറമ്പിലെ ടീമുകൾക്ക് വേണ്ടി താജുച്ച സ്ഥിരം കളിപ്പിച്ചിരുന്നു. ദേശീയ താരങ്ങളെ വരെ ഇറക്കി മേല്പറമ്പിലെ ടീമുകൾ താജുച്ചാന്റെ നേതൃത്വത്തിൽ ഒരുപാട് ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 1978 ൽ NA ട്രോഫി ഫുട്ബോള് ടൂർണമെന്റ് അന്ന് പ്രശസ്തമായ ഉദുമ പ്യുപ്പിൾസ് സ്പോർട്സ് ക്ലബ്ബ് ഉദുമ ഹൈ സ്കൂൾ ഗ്രൌണ്ടിൽ തുടക്കം കുറിച്ചപ്പോൾ പ്രഥമ എൻ. എ ട്രോഫി കരസ്ഥമാക്കിയത് ഉത്തര മലബാറിൽ പേര് കേട്ട മേൽപറമ്പ് സ്പോർട്സ് ക്ലബ് MSC) ആയിരുന്നു.

ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ യൂണിയൻ യൂണിയൻ മുസ്ലിം ലീഗ് നെഞ്ചിലേറ്റിയ വ്യക്തിയാണ് താജുച്ച. എം. എസ്. എഫിന്റെയും ലീഗിന്റെയും പരിപാടികളിൽ അദ്ദേഹം ഒരു നിറസാന്നിധ്യമായിരുന്നു മേൽപറമ്പ് പ്രദേശത്ത് മുസ്ലിം ലീഗിനെ വളർത്താൻ താജുച്ച എന്നും മുൻ നിരയിൽ നിന്ന് തന്നെ പ്രവർത്തിച്ചു. അക്കാലത്തു നേതൃത്വത്തിലുള്ളവരുമായി നല്ല സൗഹൃദ ബന്ധം അദ്ദേഹം നില നിർത്തിയിരുന്നു. താജുച്ച മേൽപറമ്പിൽ മുസ്ലിം ലീഗിന്റെ വീര്യം നിറഞ്ഞ ഒരു വിപ്ലവ പോരാളിയായിരുന്നു. 1985 ൽ യൂണിയൻ ലീഗും അഖിലേന്ത്യാ ലീഗും തമ്മിൽ ലയിച്ച ശേഷം നിലവിൽ വന്ന മേൽപറമ്പ് ശാഖാ കമ്മിറ്റിയുടെ പ്രസിഡന്റ് എം എം. താജുച്ചയായിരുന്നു. പഞ്ചായത്ത്, മണ്ഡലം, ജില്ലാ കൗൺസിലുകളിൽ അംഗത്വം ഉണ്ടായിരുന്നെങ്കിലും മേൽ കമ്മിറ്റികളിൽ നേതൃത്വം വഹിക്കാൻ പല തവണ അവസരം ലഭിച്ചപ്പോൾ അദ്ദേഹം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി ശാഖാ തലത്തിലുള്ള പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. നേതൃ പദവികൾ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. വ്യക്തി ബന്ധങ്ങൾക്ക്‌ നല്ല വില കൽപിച്ചിരുന്നു താജുച്ച. പക്ഷെ, ആ സ്നേഹ ബന്ധങ്ങൾ ഒന്നും ഒരിക്കലും താൻ വിശ്വസിക്കുന്ന ആദർശത്തിൽ അദ്ദേഹം മാറ്റം വരുത്തിയിരുന്നില്ല. മുസ്ലിം ലീഗ് പിളർന്നു യൂണിയൻ ലീഗും അഖിലേന്ത്യാ ലീഗുമായപ്പോൾ താജുച്ചാന്റെ ഉറ്റ സുഹൃത്തും ഒരു ജേഷ്ട്ട സഹോദരനെ പോലെ കൂടെയുണ്ടായിരുന്ന മർഹൂം കല്ലട്ര അബ്ബാസ് ഹാജി സാഹിബ് അഖിലേന്ത്യാ ലീഗിന്റെ നേതൃ നിരയിലായിരുന്നപ്പോളു താജുച്ച യൂണിയൻ ലീഗിന്റെ ഒരു പോരാളിയായി നില കൊണ്ടു. അത്പോലെ താജുച്ചാന്റെ ഇന്നും ആത്മ മിത്രമാണ് ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് ബഹുമാനപ്പെട്ട പീ. എ. മുഹമ്മദ് കുഞ്ഞി സാഹിബ്. അദ്ദേഹവുമായുള്ള ബന്ധം നില നിർത്തി തന്നെ താജുച്ച മരണം വരെ മുസ്ലിം ലീഗിനെ നെഞ്ചിലേറ്റി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യ പരമായ കാരണങ്ങളാൽ താജുച്ച വീട്ടിൽ വിശ്രമത്തിലായിരുന്നു.
സാമൂഹിക സേവനവും, രാഷ്ട്രീയ പ്രവർത്തനങ്ങളും, കായികവുമായി തിരക്കിട്ട ജീവിതം നയിച്ച് ഒരു ഇതിഹാസം തന്നെ രചിച്ചു ആളും, ആരവങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ വിശ്രമിച്ചു. മേൽപറമ്പിന്റെ ഒരു ഇതിഹാസ പുരുഷനാണ് നമ്മോട് വിട പറഞ്ഞത്. ഒരു നാടിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ യുഗ പുരുഷൻ.

റാഫി പള്ളിപ്പുറം.

Leave a Reply