റോബിൻ ബസിന്‌ പടക്കം പൊട്ടിച്ചും തേങ്ങയുടച്ചും സ്വീകരണം; അനുഗമിച്ച് ബൈക്കുകളും കാറുകളും

റോബിൻ ബസിന്‌ പടക്കം പൊട്ടിച്ചും തേങ്ങയുടച്ചും സ്വീകരണം; അനുഗമിച്ച് ബൈക്കുകളും കാറുകളും

തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ നിയമക്കുരുക്കിൽ നിന്നു വിട്ടുകിട്ടിയ ‘റോബിൻ ബസിനു’ പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ വഴിനീളെ ആരാധകരുടെ വരവേൽപ്. പെർമിറ്റ് വ്യവസ്ഥ ലംഘനവുമായി ബന്ധപ്പെട്ടു കോയമ്പത്തൂർ സെൻട്രൽ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ പിടിച്ചിട്ട ബസ്, ഇന്നലെ 10,000 രൂപ പിഴ അടച്ച ശേഷമാണു വിട്ടുനൽകിയത്. കേരളത്തിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടയുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. നിയമവിരുദ്ധമായ ഒന്നും ചെയ്യുന്നില്ല എന്നതിനാൽ നടപടികളിൽ ഭയമില്ലെന്നും സർവീസ് തുടരുമെന്നും നടത്തിപ്പുകാരൻ ബേബി ഗിരീഷ് പറഞ്ഞു.
പെർമിറ്റുമായി ബന്ധപ്പെട്ടു കേരള മോട്ടർ വാഹന വകുപ്പുമായി തർക്കമുണ്ടായിരുന്ന റോബിൻ ബസിന് ശനിയാഴ്ച കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളിലായി 37,500 രൂപ കേരള മോട്ടർ വാഹന വകുപ്പു പിഴ ചുമത്തിയിരുന്നു. വൈകിട്ടോടെ തമിഴ്നാട്ടിലെ ചാവടി ചെക്പോസ്റ്റിലെത്തിയപ്പോൾ റോഡ് ടാക്സ് ഉൾപ്പെടെ 70,410 രൂപ തമിഴ്നാട് മോട്ടർ വാഹന വകുപ്പും ചുമത്തി. ഞായറാഴ്ച കേരളത്തിലേക്കു സർവീസ് പുനരാരംഭിച്ചപ്പോഴാണു തമിഴ്നാട് മോട്ടർ വാഹന വകുപ്പു ബസ് പിടികൂടിയത്. തുടർന്നു പിഴ അടച്ചാൽ വാഹനം തിരികെ നൽകാമെന്ന് അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടു 4.45 നാണ് കോയമ്പത്തൂരിൽ നിന്നു ബസ് പുറപ്പെട്ടത്. 6.10ന് വാളയാറിലേക്കു ബസ് പ്രവേശിച്ചപ്പോൾ നൂറുകണക്കിനാളുകൾ പടക്കം പൊട്ടിച്ചും തേങ്ങയുടച്ചും സ്വീകരിച്ചു. ബേബി ഗിരീഷിനെ ആരതിയുഴിഞ്ഞു വരവേറ്റ ശേഷം മധുരം വിതരണം ചെയ്തു. പത്തോളം ബൈക്കുകളും 3 കാറുകളും ബസിനെ കോയമ്പത്തൂർ മുതൽ അനുഗമിച്ചിരുന്നു. ബസ് വിട്ടുകിട്ടിയതറിഞ്ഞ്, സ്വീകരിക്കാൻ വൈകിട്ടു നാലര മുതൽ ആളുകൾ അതിർത്തിയിൽ എത്തിയിരുന്നു.
ബസ് ഉടമ കെ.കിഷോറും വാളയാറിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു. വാളയാർ ടോൾ പ്ലാസയിലും ആളുകളെത്തി. വാളയാർ മുതൽ വടക്കഞ്ചേരിവരെ പത്തോളം കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കി. 17 യാത്രക്കാരാണ് ഇന്നലെ ബസിലുണ്ടായിരുന്നത്. പത്തനംതിട്ടയിൽ നിന്നു കോയമ്പത്തൂരിലേക്ക് ഇന്നു രാവിലെ നടത്തുന്ന സർവീസിന് 20 പേർ ബുക്ക് ചെയ്തിട്ടുണ്ടെന്നു ബേബി ഗിരീഷ് പറഞ്ഞു.

Leave a Reply