ദുബായ്: ഗതാഗത നിയമങ്ങൾ ലംഘിച്ച് ഇ-സ്‌കൂട്ടറും സൈക്കിളും ഓടിച്ചാൽ ശക്തമായ നടപടിയെന്ന മുന്നറിയിപ്പ് നൽകി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നിശ്ചിത പാതയിലൂടെ മാത്രം ഇ-സ്‌കൂട്ടർ ഓടിക്കണമെന്നും വേഗപരിധി ഉൾപ്പെടെയുളള നിയമങ്ങൾ പാലിക്കണമെന്നും ആർടിഎ മുന്നറിയിപ്പ് നൽകി. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് 300 ദിർഹം വരെ പിഴയും ഈടാക്കുമെന്നും ആർടിഎ അറിയിച്ചു.
ഇ-സ്‌കൂട്ടറും സൈക്കുളുകളും ഉപയോഗിക്കുന്നവരുടെ നിയമ ലംഘനങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ആർടിഎ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിശ്ചിത പാതയിലൂടെ മാത്രമെ സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും ഓടിക്കാൻ പാടുള്ളൂ. സൈക്കിളിൽ മറ്റൊരു ആളെ കൂടി കയറ്റിയാൽ 200 ദിർഹമാണ് പിഴ. ഇ-സ്‌കൂട്ടറിന് 300 ദിർഹവുമാണ് പിഴ. സുരക്ഷാ ഗിയറും ഹെൽമറ്റും ധരിച്ചില്ലെങ്കിൽ 200 ദിർഹം പിഴ അടക്കേണ്ടി വരും.
നിശ്ചിത വേഗപരിധി പാലിക്കാത്തവർക്ക് 100 ദിർഹവും മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ സൈക്കിൾ ഓടിച്ചാൽ 300 ദിർഹവുമാണ് പിഴ. റെസിഡൻഷ്യൽ ഏരിയകളിലും ബീച്ചുകളിലും ട്രാക്കുകളുടെ പരമാവധി വേഗത മണിക്കൂറിൽ 20 കിലോ മീറ്ററാണ്. റോഡുകളിലും ട്രാക്കുകളിലും സ്ഥാപിച്ചിട്ടുളള ദിശാസൂചനകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കും.12 വയസ്സിന് താഴെയുള്ള കുട്ടികൾ പൊതു നിരത്തുകളിൽ സൈക്കിൾ ഓടിക്കുന്നതും കുറ്റകരമാണ്.
യുഎഇയിൽ ഇ-സ്‌കൂട്ടറും ഇലക്ട്രിക് സൈക്കിളുകളും ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ അടുത്തിടെ വലിയ വർധയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താമസ സ്ഥലത്ത് നിന്ന് മെട്രോ സ്‌റ്റേഷനിലേക്കും ബസ് സ്‌റ്റേഷനിലേക്കുമുളള യാത്രക്കാരിൽ മിക്കവരും ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നത്. താമസ സ്ഥലത്തിന് സമീപത്തെ ചെറിയ യാത്രകൾക്കും ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നു.