‘രാജ്യത്തെ ഔദ്യോ​ഗിക ചിഹ്നം ദുരുപയോ​ഗം ചെയ്താൽ കടുത്ത ശിക്ഷ’; മുന്നറിയിപ്പുമായി ദുബായ്

‘രാജ്യത്തെ ഔദ്യോ​ഗിക ചിഹ്നം ദുരുപയോ​ഗം ചെയ്താൽ കടുത്ത ശിക്ഷ’; മുന്നറിയിപ്പുമായി ദുബായ്

ദുബായ്: രാജ്യത്തിൻ്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമലംഘകർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച പുതിയ നിയമത്തിലാണ് എമിറേറ്റിന്റെ ഔദ്യാഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവർക്കുളള ശിക്ഷാ നടപടികളെക്കുറിച്ച് വിശദീകരിക്കുന്നത്. കടുത്ത ശിക്ഷാ നടപടികളാണ് ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത്.

മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെ തടവും ഒരുലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തുക. എമിറേറ്റിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിക്കുന്ന ചിഹ്നം ഉണ്ടായിരിക്കുമെന്നും ഈ ചിഹ്നം ദുബായ് എമിറേറ്റിന്റെ സ്വത്തായി കണക്കാക്കപ്പെടുമെന്നും ഉത്തരവിൽ ചൂണ്ടികാട്ടുന്നു.

വിവിധ സർക്കാർ സേവനങ്ങൾ, രേഖകൾ, വെബ്‌സൈറ്റുകൾ, സർക്കാർ ഇവന്റുകൾ എന്നിവയിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാം. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ ഇതിനായി ദുബായ് ഭരണാധികാരിയിൽ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയിൽ നിന്നോ മുൻകൂർ അനുമതി വാങ്ങണം. നിയമം പ്രാബല്യത്തിൽ വരുമ്പോൾ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ അതിന്റെ ഉപയോഗം പൂർണമായും നിർത്തണമെന്നും നിയമത്തിൽ പറയുന്നു.

Leave a Reply