രണ്ട് മക്കളെ ഉപേക്ഷിച്ച്‌ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം ചെയ്യാൻ പാകിസ്താനിലേക്ക് പോയഅഞ്ജു എന്ന ഫാത്തിമക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ പാകിസ്താൻ സർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചതായി ഭർത്താവ്

രണ്ട് മക്കളെ ഉപേക്ഷിച്ച്‌ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം ചെയ്യാൻ പാകിസ്താനിലേക്ക് പോയഅഞ്ജു എന്ന ഫാത്തിമക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ പാകിസ്താൻ സർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചതായി ഭർത്താവ്

പെഷവാർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം ചെയ്യുന്നതിന് പാകിസ്താനിലേക്ക് കടന്ന അഞ്ജു എന്ന ഫാത്തിമയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള വിലക്കുകൾ അഴിയുന്നു. 34 കാരിയായ അഞ്ജു തൻ്റെ രണ്ട് മക്കളെ ഉപേക്ഷിച്ചാണ് പാകിസ്താനിലെ ഖൈബർ പഖ്തൂണഖ്വയിലുള്ള കാമുകൻ നസ്റുള്ളയ്ക്കൊപ്പം ജീവിക്കാൻ പോയത്. അവർക്ക് തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ പാകിസ്താൻ സർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചതായി ഭർത്താവ് അറിയിച്ചു.

ഓഗസ്റ്റ് മാസത്തിൽ അഞ്ജുവിന്റെ വിസ നീട്ടി കിട്ടിയിരുന്നു. നസറുള്ളയെ വിവാഹം ചെയ്യുന്നതിന് വേണ്ടിയാണ് ഇസ്ലാം മതം സ്വീകരിച്ചതും ഫാത്തിമ എന്ന പേര് മാറ്റിയതും. ഈ സംഭവം ഇന്ത്യയിൽ വലിയ ചർച്ചയായിരുന്നു.

രാജസ്ഥാൻ സ്വദേശിനിയായ അഞ്ജു ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകൻ നസ്റുള്ളയെ വിവാഹം കഴിച്ചത് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരും പിന്നീട് ഒന്നിച്ചുള്ള ഒരു വീഡിയോയും പുറത്തുവന്നിരുന്നു. അഞ്ജു വിത്ത് നസ്റുള്ള എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്.

ആദ്യം തങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്ന് നസറുള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

“ഇസ്‌ലാമാബാദിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എൻ‌ഒ‌സി ലഭിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. എൻ‌ഒ‌സി നടപടിക്രമം ദൈർഘ്യമേറിയ പ്രക്രിയയാണ്, അത് പൂർത്തിയാക്കാൻ സമയമെടുക്കും,” അഞ്ജുവിന്റെ പാകിസ്ഥാൻ ഭർത്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന പക്ഷം വാഗാ അതിർ‌ത്തിയിൽ എത്തുമെന്നും അഞ്ജു ഇന്ത്യയിലേക്ക് കടക്കുമെന്നും ഭർത്താവ് നസ്റുള്ള പറഞ്ഞു.

കുട്ടികളെ കാണാതിരിക്കാൻ പറ്റുന്നില്ലെന്നും അവരെ കാണണമെന്നും പറഞ്ഞാണ് ഇന്ത്യയിലേക്ക് മടങ്ങാൻ അവർ അനുമതി തേടിയത്. മക്കളെ കണ്ടതിന് ശേഷം അഞ്ജു എന്ന ഫാത്തിമ തിരികെ പാകിസ്താനിലേക്ക് തന്നെ എത്തുമെന്നും ഭർത്താവ് കൂട്ടിച്ചേർത്തു.

മക്കളെ കാണാൻ സാധിക്കാത്തതിൽ മാനസികമായ ഏറെ ദുഃഖിതയായിരുന്നുവെന്നും നസറുള്ള പറഞ്ഞു. ജൂലൈ 25നാണ് നസറുള്ളയെ വിവാഹം കഴിച്ചത്. ഖൈബർ പഖ്തൂൺഖ്വയിലെ അപ്പർ ദിർ ജില്ലയിലാണ് ഇയാളുടെ വീടുള്ളത്. 2019 മുതൽ ഇരുവരും ഫേസ്ബുക്കിൽ സുഹൃത്തുക്കളാണ്.

അഞ്ജു നേരത്തെ അരവിന്ദ് എന്നൊരാളെയാണ് വിവാഹം ചെയ്തിരുന്നത്. ഇതിൽ 15 വയസുള്ള ഒരു മകളും ആറ് വയസുള്ള മകനുമുണ്ട്.

Leave a Reply