സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ഥിയെ തല്ലിച്ച സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സമാനമായ മറ്റൊരു സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. ക്ലാസില്‍ അധ്യാപിക ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് ഹിന്ദുവിഭാഗത്തില്‍പ്പെട്ട കുട്ടിയെ മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് അടിപ്പിച്ചെന്നാണ് പരാതി.
സംഭാല്‍ ജില്ലയിലെ ദുഗാവാറിലുള്ള ഒരു പ്രൈമറി സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥിയെയാണ് അധ്യാപിക ഇതരമതസ്ഥനായ സഹപാഠിയെ കൊണ്ട് അടിപ്പിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അധ്യാപികയായ ശൈസ്തയെ പോലീസ് അറസ്റ്റു ചെയ്തത്. മകന്റെ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
മതസ്പര്‍ധ വളര്‍ത്തുക, മനപൂര്‍വം മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ആദ്യസംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ സമാനമായ സംഭവം ഉണ്ടായത്.