കൂട്ടുപ്രതിയുമായി സെക്‌സിന് നിർബന്ധിച്ച്‌ പൊലീസ്‌: സംഭവം പഞ്ചാബിൽ

കൂട്ടുപ്രതിയുമായി സെക്‌സിന് നിർബന്ധിച്ച്‌ പൊലീസ്‌: സംഭവം പഞ്ചാബിൽ

അഭിഭാഷകനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പഞ്ചാബില്‍ എസ്.പി. അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. മുക്തസര്‍ എസ്.പി. രമണ്‍ദീപ് സിങ് ബുള്ളാര്‍, ഇന്‍സ്‌പെക്ടര്‍ രമണ്‍കുമാര്‍ കംബോജ്, കോണ്‍സ്റ്റബിളായ ഹര്‍ഭന്‍സ് സിങ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എസ്.പി. അടക്കം ആറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവര്‍ക്ക് പുറമേ കോണ്‍സ്റ്റബിള്‍മാരായ ഭുപീന്ദര്‍ സിങ്, ഗുര്‍പ്രീത് സിങ്, ഹോംഗാര്‍ഡായ ദാരാ സിങ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
സെപ്റ്റംബര്‍ 14-ന് അറസ്റ്റ് ചെയ്ത അഭിഭാഷകനെ കസ്റ്റഡിയിലിരിക്കെ ഉപദ്രവിച്ചെന്നും കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നുമാണ് പോലീസുകാര്‍ക്കെതിരായ പരാതി. അഭിഭാഷകര്‍ പോലീസുകാരെ ആക്രമിച്ചെന്ന പരാതിയില്‍ സെപ്റ്റംബര്‍ 14-നാണ് പരാതിക്കാരനായ അഭിഭാഷകനെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ചുമതലയുള്ള രമണ്‍കുമാര്‍ കംബോജിന്റെ പരാതിയിലായിരുന്നു നടപടി. അഭിഭാഷകര്‍ പോലീസ് സംഘത്തെ ആക്രമിച്ചെന്നും പോലീസുകാരുടെ യൂണിഫോം വലിച്ചുകീറിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ടുപ്രതികളെയും പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
അഭിഭാഷകനെയും കസ്റ്റഡിയിലുണ്ടായിരുന്ന കൂട്ടുപ്രതിയെയും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ളത്. അഭിഭാഷകന്റെ പരാതിയില്‍ ആരോപണവിധേയരായ പോലീസുകാര്‍ക്കെതിരേ കേസെടുക്കാന്‍ മുക്തസര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെപ്റ്റംബര്‍ 12-ന് നിര്‍ദേശം നല്‍കിയിരുന്നു. പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ കോടതിനടപടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്തി. ഇതിനുപിന്നാലെയാണ് അന്വേഷണം നടത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചത്. തുടര്‍ന്ന് പ്രതികളായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. എ.ഡി.ജി.പി(ഇന്റലിജന്‍സ്) ജസ്‌കരണ്‍സിങ്ങിന്റെ മേല്‍നോട്ടത്തില്‍ ലുധിയാന കമ്മീഷണര്‍ മന്‍ദീപ് സിങ് സിദ്ദു ഉള്‍പ്പെടെയുള്ള നാലംഗ പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Leave a Reply