ഹൈദരാബാദിൽ അധ്യാപകന്റെ മർദ്ദനമേറ്റ് അഞ്ചുവയസുകാരൻ മരിച്ചു. ഹൈദരാബാദിലെ കൃഷ്ണവേണി ടാലന്റ് സ്കൂളിലെ വിദ്യാർത്ഥിയും രാമന്തപൂർ വിവേക് നഗർ സ്വദേശിയുമായ ഹേമന്ത് (അഞ്ച്) ആണ് മരിച്ചത്. ഹോം വർക്ക് ചെയ്യാതെ ക്ലാസ്സിലെത്തിയ ഹേമന്തിനെ അധ്യാപകൻ സ്ലെയിറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോം വർക്ക് ചെയ്യാതെ ക്ലാസിലെത്തിയ ഹേമന്തിനെ വഴക്ക് പറയുന്നതിനിടെ അധ്യാപകൻ മർദിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ കൈയ്യിലെ സ്ലൈറ്റ് വാങ്ങി തലയിൽ അടിക്കുകയായിരുന്നു. അടിയേറ്റയുടൻ കുട്ടി ബോധരഹിതനായി നിലത്ത് വീണു.
വിദ്യാർത്ഥിയെ ഉടൻ തന്നെ സ്കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമാകുകയും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.