ടാറ്റുവും വയര്‍ലെസ് സെറ്റും നിര്‍ണായകമായി; മാധ്യമപ്രവര്‍ത്തകയേയും ഐടി ജീവനക്കാരിയേയും കൊന്ന പ്രതികള്‍ പിടിയിലായത് ഇങ്ങനെ

ടാറ്റുവും വയര്‍ലെസ് സെറ്റും നിര്‍ണായകമായി; മാധ്യമപ്രവര്‍ത്തകയേയും ഐടി ജീവനക്കാരിയേയും കൊന്ന പ്രതികള്‍ പിടിയിലായത് ഇങ്ങനെ

ന്യൂഡല്‍ഹി: ഐടി ജീവനക്കാരി ജിഗിഷ ഘോഷ്, മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ എന്നിവരുടെ കൊലപാതകത്തിന് കാരണക്കാരായ പ്രതികളെ പിടികൂടാന്‍ ഡല്‍ഹി പോലീസിനെ സഹായിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ചില വിവരങ്ങൾ. പ്രതികളിലൊരാളുടെ കൈയ്യിലെ ടാറ്റുവും മോഷ്ടിച്ച വയര്‍ലെസ് സെറ്റുമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം പോലീസിന് വ്യക്തമായത്.

രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക് എന്നിവരെയാണ് ജിഗിഷ ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീടാണ് മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതകത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍ എന്നിവരെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. അഞ്ചാംപ്രതി അജയ് സേതിയ്ക്ക് മേല്‍ സെക്ഷന്‍ 411 പ്രകാരമുള്ള കുറ്റവും കോടതി ചുമത്തി. കൂടാതെ മഹാരാഷ്ട്ര കണ്‍ട്രോണ്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ കോടതി ചുമത്തി.

രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അജയ് കുമാറിനെയും അജയ് സേതിയേയും പിടികൂടിയത്. 2009 സെപ്റ്റംബര്‍ 30നാണ് ഇവര്‍ സൗമ്യയെ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞി വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രതികള്‍ സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.

2009 മാര്‍ച്ച് 18നാണ് ജിഗിഷ ഘോഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ജിഗിഷയുടെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പ്രതികള്‍ മോഷ്ടിക്കുകയും ചെയ്തു.

” ജിഗിഷയുടെ മൃതശരീരം ഫരീദാബാദിനടുത്തുള്ള സൂരജ് കുണ്ഡില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പ്രതികളെപ്പറ്റി സൂചന ലഭിച്ചിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളിലൊരാളുടെ ടാറ്റു പതിച്ച കൈ പതിഞ്ഞിരുന്നു. കൂടാതെ പ്രതികളിലൊരാള്‍ ജിഗിഷയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തിയിരുന്നു. മറ്റൊരാള്‍ വയര്‍ലെസ് സെറ്റ് ധരിച്ച നിലയിലായിരുന്നു സിസിടിവി ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്,” അന്വേഷണ ഉദ്യോഗസ്ഥനായ അതുല്‍ കുമാര്‍ വര്‍മ്മ പറഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മാലികിനെ കണ്ടെത്തിയത്. മാലികിന് പിന്നാലെ കപൂറും ശുക്ലയും പിടിയിലാകുകയായിരുന്നു. മാലിക് ആണ് തന്റെ കൈയ്യില്‍ പേര് പച്ചകുത്തിയിരുന്നത്. ഒരു പോലീസുദ്യോഗസ്ഥനില്‍ നിന്നും മോഷ്ടിച്ച വയര്‍ലെസ്സ് സെറ്റ് കപൂര്‍ ഉപയോഗിച്ചിരുന്നു.

” വസന്ത് വിഹാറിനടുത്ത് നിന്ന് ജിഗിഷയെ തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ കൊന്നശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ഇക്കാര്യം പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ജിഗിഷയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ ഷോപ്പിംഗ് നടത്തുകയും ചെയ്തിരുന്നു,” അതുല്‍ കുമാര്‍ വര്‍മ്മ പറഞ്ഞു.

” മറ്റൊരു പെണ്‍കുട്ടിയെ കൂടി കൊന്നിട്ടുണ്ടെന്ന് രവി കപൂര്‍ പറഞ്ഞു. അത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. വസന്ത് വിഹാറിന് തൊട്ടടുത്തുള്ള നെല്‍സണ്‍ മണ്ഡേല മാര്‍ഗ്ഗില്‍ വെച്ചാണ് ഇതെന്നും പ്രതികള്‍ പറഞ്ഞതായി,” അതുല്‍ കുമാര്‍ പറഞ്ഞു.

ആ കൊലപാതകത്തില്‍ അജയ് കുമാര്‍, അജയ് സേതി എന്നീ പ്രതികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും കപൂര്‍ മൊഴിനല്‍കി.

തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് മറ്റൊരു അന്വേഷണ സംഘത്തെ വിന്യസിച്ചു. എസിപി ബിഷം സിംഗ് ആയിരുന്നു ഈ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

” പ്രതികളുടെ കുറ്റസമ്മതം നിര്‍ണായകമായെങ്കിലും കേസിനാവശ്യമായ ഫോറന്‍സിക് തെളിവുകള്‍ കണ്ടെത്തുകയെന്നതായിരുന്നു ശ്രമകരമായ ജോലി,” സിംഗ് പറഞ്ഞു.

സൗമ്യയെ കൊന്ന രാത്രിയില്‍ പ്രതികള്‍ നന്നായി മദ്യപിച്ചിരുന്നു. ഇവര്‍ മാരുതി വാഗണ്‍ ആര്‍ കാറിലായിരുന്നു അന്ന് സഞ്ചരിച്ചിരുന്നത്. രവി കപൂറാണ് വണ്ടിയോടിച്ചത്. മുന്‍ സീറ്റില്‍ ശുക്ലയാണ് ഇരുന്നത്. മാലികും അജയ് കുമാറും പിന്‍ സീറ്റിലാണ് ഇരുന്നിരുന്നത്.

” സെപ്റ്റംബര്‍ 30ന് ഒരു വാഹനം തങ്ങളെ മറികടന്ന് പോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. സൗമ്യയായിരുന്നു ആ കാറോടിച്ചത്. ജോലി കഴിഞ്ഞ് വസന്ത് കുഞ്ചിലെ വീട്ടിലേക്ക് പോകുകയായിരുന്നു അവര്‍,” പോലീസ് പറഞ്ഞു.

ഒരു സ്ത്രീ ഒറ്റയ്ക്ക് വാഹനമോടിച്ച് പോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. സൗമ്യയോടിച്ച വാഹനത്തെ ഇവര്‍ പിന്തുടര്‍ന്നു. ആദ്യം സൗമ്യയുടെ വാഹനത്തിനടുത്തേക്ക് ഇവര്‍ എത്തി. സൗമ്യ കാര്‍ നിര്‍ത്താതായതോടെ അവര്‍ വീണ്ടും വേഗം കൂട്ടി. തുടര്‍ന്ന് സൗമ്യയുടെ കാറിന് മേല്‍ ഇവര്‍ വെടിയുതിര്‍ത്തു. വെടിയേറ്റ യുവതി തല്‍ക്ഷണം മരിച്ചു. ശേഷം സൗമ്യയുടെ കാര്‍ ഒരു ഡിവൈഡറിലിടിച്ച് നില്‍ക്കുകയായിരുന്നു.

” അപ്പോള്‍ തന്നെ പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഒരു 20 മിനിറ്റിന് ശേഷം അവര്‍ തിരികെയെത്തി. സൗമ്യയുടെ അവസ്ഥയെന്തെന്ന് നോക്കാനായിരുന്നു ഇവര്‍ തിരികെയെത്തിയത്. പിന്നീട് പോലീസിനെ കണ്ടതോടെ ഇവര്‍ രക്ഷപ്പെട്ടു,” പോലീസ് പറഞ്ഞു.

Leave a Reply