മുംബൈ: മുംബൈയെ ഞെട്ടിച്ച് അരുംകൊല. മുംബൈ മീരാ റോഡിൽ 32-കാരിയെ കൊന്ന് കഷണങ്ങളാക്കി വെട്ടിനുറുക്കി കുക്കറിൽ വേവിച്ചു.സരസ്വതി വൈദ്യ എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തായ 56-കാരൻ മനോജ് സഹാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. സരസ്വതി വൈദ്യയുമായി പ്രതി കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിക്കുകയായിരുന്നു.
സരസ്വതിയുടെ 13 ശരീര ഭാഗങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ശരീരം മുറിച്ചത്. ദുർഗന്ധം ഉണ്ടാകാതിരിക്കാൻ ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ ഇവർ താമസിച്ച ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ നിന്നാണ് കൊലപാതകവിവരം പുറത്തറിയുന്നത്. സരസ്വതിയുടെ മറ്റ് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി മുറിച്ച് വിവിധയിടങ്ങളിൽ ഉപേക്ഷിച്ചതായി പൊലീസ് വ്യക്തമാക്കി. ഇരയാക്കപ്പെട്ട കൊലയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.