കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണുഗോപാലിന്റെ വീട്ടിൽ കള്ളൻ കയറി. കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. 2 മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്.
വീടിന്റെ പിറക് വശത്തെ ജനൽ കമ്പി വളച്ചാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വാച്ചും പേനയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് വീട്ടിൽ നിന്ന് നഷ്ടമായത്. കൈതവനയിലെ വീട്ടില്‍ രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അലമാരകളിലെ സാധനങ്ങളെല്ലാം താഴെ വാരി വലിച്ചിട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അടുക്കള ജനലിന്‍റെ കമ്പി മുറിച്ച് മാറ്റിയ നിലയില്‍ കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പൊലീസ് നായ കൈതവന ജംഗ്ഷനില്‍ നിന്ന് തെക്കോട്ടോടിയ ശേഷം നിന്നു. സമീപത്തെ സിസിടിവികളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്ത് കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു അറസ്റ്റിലായിരുന്നു. കൊല്ലം ചടയമംഗലത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ആയൂരിൽ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ബാബു കുടുങ്ങുകയായിരുന്നു. 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചൽ സ്വദേശിയായ ബാബു. തിരുവന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ബാബു.