തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ മുൻനിരയിലാണ് വിജയ്യുടെ സ്ഥാനം. ‘വാരീസ്’ എന്ന ചിത്രത്തിന് 150 കോടിയാണ് പ്രതിഫലമായി നടൻ വാങ്ങിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. റിലീസിനൊരുങ്ങുന്ന ചിത്രം ലിയോയ്ക്കാകട്ടെ 180 കോടിയാണ് പ്രതിഫലമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. തുടർന്ന് വരാൻ പോകുന്ന വെങ്കിട് പ്രഭു ചിത്രം ദളപതി 68-നായി 200 കോടിയും താരം വാങ്ങിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ തമിഴകത്തെ വിലയേറിയ താരമെന്നത് വിജയ് പണം മുടക്കി ഉണ്ടാക്കിയെടുത്ത പേരാണെന്നാണ് നടന് മീശ രാജേന്ദ്രന്റെ ആരോപണം.
വിജയ് തന്നെ സ്വന്തം പണം മുടക്കി ശമ്പളം കൂട്ടിക്കാണിക്കുകയാണെന്നും രജനികാന്തിനെ വെല്ലാൻ വിജയ്ക്ക് സാധിക്കില്ല എന്നും രാജേന്ദ്രൻ ആരോപിച്ചു. ‘വിജയ് ആദ്യമായി 70 കോടിക്ക് മുകളില്‍ ശമ്പളം വാങ്ങിയ ചിത്രം ‘പുലി’യാണ്. സിമ്പുദേവന് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് വിജയ്യുടെ മാനേജറായ സെല്‍വ കുമാറാണ്. അദ്ദേഹത്തിന് ഇത്രയും പണം മുടക്കാനില്ല, ശരിക്കും അത് വിജയ്യുടെ പണമാണ്,’ രാജേന്ദ്രൻ പറഞ്ഞു.
‘വിജയ് അഭിനയിച്ച് വലിയ ശമ്പളം വാങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘മാസ്റ്റര്‍’. ചിത്രം നിര്‍മ്മിച്ചത് വിജയ്യുടെ അമ്മാവനായ സേവ്യര്‍ ബ്രിട്ടോ. ആ പണവും വിജയ്യുടേതാണെന്നതിൽ സംശയമില്ല. സ്വന്തം പണം മുടക്കി പടം എടുത്ത് അതില്‍ ഇത്ര ശമ്പളം വാങ്ങിയെന്ന് പറഞ്ഞ് വിജയ് മാര്‍ക്കറ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്,’ ഒരു തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മീശ രാജേന്ദ്രന് ആരോപിച്ചു.
നടന്റെ അഭിമുഖം ശ്രദ്ധനേടിയതോടെ വിജയ് ആരാധകരും രംഗത്തെത്തി. രണ്ട് സിനിമകളെ കുറിച്ച് മാത്രം സംസാരിക്കുമ്പോൾ ബാക്കിയുള്ള നിര്‍മ്മാതാക്കള്‍ വെറും മണ്ടന്മാരാണോ എന്നാണ് ആരോധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. മീശ രാജേന്ദ്രൻ പറഞ്ഞത് പിൻവലിക്കണമെന്നാവശ്യപ്പെട്ടും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്