വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഒരു ഗംഭീര സ്പൈ ത്രില്ലർ തന്നെയാകയും സിനിമ എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. നവംബർ 24 നാണ് സിനിമ റിലീസ് ചെയ്യുന്നത്. വിക്രമിനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനായകന്റെ മികച്ച പ്രകടനം കാണാനാകുമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
രജനികാന്ത് നായകനായ ജയിലർ എന്ന തമിഴ് ചിത്രത്തിലും വിനായകൻ പ്രധാന വേഷത്തിലെത്തിയിരുന്നു. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധ്രുവനച്ചത്തിരം പ്രദർശനത്തിന് എത്തുന്നത്. 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരികയായിരുന്നു. ചിത്രത്തിൽ വിക്രം ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്.
ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില് വേഷമിടുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.