കാമുകനൊപ്പം ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് പുഴയിൽ തള്ളി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് ക്രൂരമായ സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി പ്രഭുവിനെ (30)യാണ് കൊലപ്പെടുത്തിയത്. പ്രഭുവിന്റെ ഭാര്യ വിനോദിനി (26), കാമുകൻ ഭാരതി (23) എന്നിവർ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.
അസുഖമായിരുന്ന ഭര്‍ത്താവിന് മരുന്നെന്ന വ്യാജേന ഉറക്ക ഗുളിക നല്കി മയക്കിയ ശേഷം കാമുകനുമായി ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനായി ഭാരതിയുടെ സുഹൃത്തുക്കളായ റൂബന്‍ ബാബു, ദിവാകര്‍, സര്വാന് എന്നിവരുടെ സഹായം തേടിയതായും പോലീസ് പറയുന്നു.
പൂക്കച്ചവടക്കാരനായ പ്രഭു ഭാര്യ വിനോദിനിയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിയാനിടയായി. കാമുകനൊപ്പം ചേര്‍ന്ന് വിനോദിനി മൂന്നുമാസം മുന്‍പ് ഒരു വാടകവീടെടുത്തിരുന്നു. ഇക്കാര്യമറിഞ്ഞ പ്രഭു, വിനോദിനിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും നിലവിലുള്ള സ്ഥലത്തുനിന്ന് താമസം മാറി.
തിരിച്ചെത്തിയ വിനോദിനി തുടര്‍ന്നുള്ള പത്തുദിവസങ്ങളില്‍ ഭാരതിയെ കണ്ടില്ല. പക്ഷേ, അതിനു മുന്നേതന്നെ ഇരുവരും ചേര്‍ന്ന് പ്രഭുവിനെ വധിക്കാനുള്ള ആലോചനകള്‍ നടത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ നാലിനായിരുന്നു കൊലപാതകം. അസുഖമായിക്കിടന്ന ഭര്‍ത്താവിന് മരുന്നെന്ന വ്യാജേന ഉറക്ക ഗുളിക നല്‍കുകയാണ് ആദ്യം ചെയ്തത്. പിന്നാലെ ഭാരതിയും വിനോദിനിയും ചേര്‍ന്ന് പ്രഭുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
കൊലപാതകശേഷം ഭാരതി സുഹൃത്തുക്കളെ വിളിച്ചുവരുത്തി മൃതദേഹം ഉപേക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തി. അര്‍ധരാത്രിയില്‍ കാറില്‍ക്കയറ്റി തിരുച്ചിറപ്പള്ളി- മധുര ഹൈവേയ്ക്ക് സമീപമെത്തിച്ച് കത്തിച്ചുകളയാനായിരുന്നു നീക്കം. എന്നാല്‍, മഴ പെയ്തതോടെ ഈ പദ്ധതി പാളി. പിന്നീട് മൃതദേഹം രണ്ട് കഷണങ്ങളാക്കി വെട്ടിമുറിച്ച് കാവേരി, കൊള്ളിഡാം നദികളില്‍ ഉപേക്ഷിക്കുകയായിരുന്നു.
നവംബര്‍ അഞ്ചിന് പ്രഭുവിനെക്കാണാനായി സഹോദരന് വീട്ടിലെത്തിയതോടെയാണ് കൊലപാതകത്തേക്കുറിച്ചുള്ള സൂചന ലഭിച്ചത്. വീട്ടിലെത്തി പ്രഭുവിനെ അന്വേഷിച്ച സഹോദരനോട്, കടയില്‍നിന്ന് തിരിച്ചുവന്നിട്ടില്ലെന്നാണ് വിനോദിനി മറുപടി പറഞ്ഞത്. ഇതോടെ പ്രഭുവിനെത്തിരഞ്ഞ് സഹോദരന് കച്ചവട പൂക്കടയിലേക്ക് പുറപ്പെട്ടു. അവിടെയും കാണാതായതോടെ സമയാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വിനോദിനിയുടെയും ഭാരതിയുടെയും വിവാഹേതര ബന്ധത്തെക്കുറിച്ച് അറിയാനിടയായി. ഇരുവരും പ്രഭുവിനെ വധിക്കാന്‍ നീക്കം നടത്തിയിരുന്ന വിവരവും പോലീസിന് ലഭിച്ചു. ഇതോടെ ഇരുവരെയും ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.