സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു

കൊല്ലത്ത്‌ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഇടുക്കി മരുതുംപേട്ട സ്വദേശികളായ ആന്റണി-മോളി ദമ്പതികളുടെ മകൾ അൻസു ട്രീസ ആന്റണി (25) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ട്രീസയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ പത്തനംതിട്ട സ്വദേശി ജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കുളക്കടയിലാണ് അപകടം നടന്നത്. എംബിഎ പൂർത്തിയാക്കിയ ട്രീസ ജോലിക്കായുള്ള ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനാണ് കൊല്ലത്ത് എത്തിയത്. കാരുവേലിലെ കോളേജിലായിരുന്നു ഇന്റർവ്യൂ. എന്നാൽ പുത്തൂർ മുക്കിൽ ഇറങ്ങുന്നതിന് പകരം സ്ഥലം മാറി കുളക്കടയിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറോട് കോളേജിലേക്ക് പോകാനുള്ള വഴി ചോദിച്ച് മനസിലാക്കി ബസ് കയറുന്നതിനായി റോഡ് മുറിച്ച് കടക്കുകയായിരുന്നു.
മറ്റൊരു കാറിനെ മറികടന്ന് അമിത വേഗതയിലെത്തിയ കാർ ട്രീസയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ട്രീസയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

Leave a Reply