ചലച്ചിത്ര പുരസ്കാര വേദിയില്‍ വിവാദ പരാമര്‍ശം നടത്തിയ നടന് അലന്‍സിയറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്.
‘നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’. അലന്‍സിയര്‍ പറഞ്ഞു.തന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അലന്‍സിയര്‍. സ്ത്രീകളാണ് പുരുഷനെ ഉപഭോഗ വസ്തുവായി കാണുന്നതെന്നും മാപ്പ് പറയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.
അലന്‍സിയറിന്റെ പ്രതികരണം
”സ്ത്രീ പ്രതിമ എന്നെ പ്രലോഭിക്കുന്നില്ല. സ്ത്രീയെ കാണിച്ചു പ്രലോഭിപ്പിക്കരുത് എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പുരുഷ പ്രതിമ തരുന്നില്ല. സ്ത്രീകളാണ് പുരുഷനെ ഉപഭോഗ വസ്തുവായി കാണുന്നത്. ഞാനല്ല, സിനിമാക്കാരുമല്ല. എന്ത് അപമാനമാണ് നടത്തിയത്. ഇതിലെ സ്ത്രീവിരുദ്ധത എനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് ആണ്‍കരുത്തുള്ള പ്രതിമയെ വേണമെന്നും പറഞ്ഞു. അതിനെന്താണ് തെറ്റ്. ഞാന്‍ ഒരു തെറ്റും ചെയ്തില്ല. മാപ്പ് പറയില്ല”- അലന്‍സിയര്‍ പറഞ്ഞു