തുവ്വൂരിലേത് ദൃശ്യം മോഡല്‍ കൊലപാതകമാണെന്നായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ പ്രതികരണം. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഹോളോബ്രിക്‌സുകളും മെറ്റലും ഇറക്കിയ പ്രതികള്‍ ഇവിടെ കുളിമുറി നിര്‍മിക്കാനാണ് പദ്ധതിയിട്ടത്. സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നറിയാന്‍ ആഴത്തിലുള്ള അന്വേഷണം നടത്തണം. പ്രതികളെ കൂടുതല്‍ചോദ്യംചെയ്യണമെന്നും എസ്.പി. പറഞ്ഞു. യുവതിയെ കാണാതായ സംഭവത്തില്‍ വിഷ്ണു വലിയ പ്രചരണമാണ് നടത്തിയത്. അടുത്തദിവസം വിഷയത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറിയായ വിഷ്ണു പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്നു. പഞ്ചായത്ത് ഓഫീസിലെ ജോലിക്കിടെയാണ് സുജിതയുമായി പരിചയത്തിലായത്. ഇരുപതുദിവസം മുമ്പ് ഇയാള്‍ പഞ്ചായത്തിലെ ജോലിയില്‍നിന്ന് രാജിവെച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് പഞ്ചായത്തിലെ താത്കാലിക ജോലി വിട്ടതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
ഒരുവര്‍ഷം മുമ്പായിരുന്നു വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു കുഞ്ഞും പിറന്നു. അതിനിടെ, സുജിതയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിനായി മുന്‍നിരയിലുണ്ടായിരുന്ന വിഷ്ണു, യുവതിയെക്കുറിച്ച് ചില ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. സുജിത മറ്റൊരാള്‍ക്കൊപ്പം നാടുവിട്ടെന്നരീതിയിലുള്ള കഥകളാണ് ഇയാള്‍ നാട്ടില്‍ പ്രചരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷ്ണുവിനൊപ്പം കൊലക്കേസില്‍ പ്രതിയായ അനുജന്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയായ ആളാണെന്നാണ് പോലീസിന്റെ പ്രതികരണം. മറ്റുപ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്താലമുണ്ടോ എന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു