പൊള്ളാച്ചി കുഞ്ചിപാളയത്തില്‍ രാത്രി വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികൾ കിണറ്റിൽ വീണു. കമ്പം സ്വദേശികളായ രമേഷ് എന്ന അരുണ്‍ മുത്തു, ഹരിദാസ് എന്നിവരാണ് മോഷണ ശേഷം മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ടത്.
കുഞ്ചിപാളയത്തില്‍ പ്രദീപിന്റെ ഭാര്യ മഹാലക്ഷ്മിയുടെ മാലയാണ് മോഷ്ടിച്ചത്. രാത്രി പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിന് അകത്ത് കയറിയ പ്രതികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലക്ഷ്മിയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മ ഉണര്‍ന്ന് ബഹളം വെച്ചു. പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പിടിവലിയായി. വീട്ടമ്മയുടെ ആറുപവന്റെ മാലയുടെ പകുതി പ്രതികള്‍ പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. പോകുന്ന വഴിയില്‍ തെങ്ങിന്‍തോട്ടത്തില്‍ താമസിക്കുന്ന വള്ളിയമ്മാളിന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. വള്ളിയമ്മാള്‍ ബഹളം വെച്ചതുകേട്ട് അയല്‍വാസികള്‍ ഓടിക്കൂട്ടിയപ്പോള്‍ പ്രതികള്‍ ഓടിപ്പോയി. നാട്ടുകാര്‍ പിന്‍തുടര്‍ന്നുവരുന്നതുകണ്ട് ഓടിയ പ്രതികള്‍ രാത്രി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു.
ഒരാള്‍ കിണറ്റില്‍നിന്ന് പുറത്തുവന്ന് ഓടി രക്ഷപ്പെട്ടു. കിണറ്റില്‍വീണ രമേഷ് എന്ന പ്രതിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഓടിപ്പോയ ഹരിദാസിനെയും പിന്നീട് പിടികൂടി.