പോക്‌സോ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലെങ്കില്‍ മുൻകൂര്‍ജാമ്യം നല്‍കാം

പോക്‌സോ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലെങ്കില്‍ മുൻകൂര്‍ജാമ്യം നല്‍കാം

പോക്സോ കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഇല്ലെങ്കില്‍ മുൻകൂര്‍ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമ കേസുകളിലെ പ്രതികള്‍ക്ക് മുൻകൂര്‍ജാമ്യം നല്‍കരുതെന്നാണ് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥ.

എങ്കിലും കേസുകളുടെ സാഹചര്യവും വസ്തുതയും വിലയിരുത്തി കോടതികള്‍ തീരുമാനമെടുക്കണം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂര്‍ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്. ലൈംഗികാതിക്രമം സമൂഹത്തിനുനേരെയുള്ള കുറ്റകൃത്യമാണ്. ഇത് ഇരകളില്‍ ജീവിതകാലം മുഴുവനും അരക്ഷിതാവസ്ഥയും അപമാനവുമുണ്ടാക്കും. ഇത്തരം കേസുകളില്‍ മുൻകൂര്‍ജാമ്യം അനുവദിക്കാനാകില്ല. എന്നാല്‍, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളും നിലവിലുണ്ട്.

കുട്ടികളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട കുടുംബതര്‍ക്കങ്ങളില്‍ പോക്സോ കള്ളക്കേസുകള്‍ ഏറിവരുന്നതായി കോടതി നിരീക്ഷിച്ചു. നിരപരാധികളെ അറസ്റ്റ് ചെയ്യണമെന്ന് നിയമത്തില്‍ പറയുന്നില്ല. കുറ്റവാളികളെ ശിക്ഷിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് നിരപരാധികളെ സംരക്ഷിക്കലും. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികളിലൊന്നില്‍ പ്രതിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. രണ്ടാമത്തെ ഹര്‍ജിയില്‍ പ്രതിക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി മുൻകൂര്‍ജാമ്യം നിഷേധിച്ചു.

Leave a Reply