ബിടെക്കിന്‌ റാങ്ക്‌, പക്ഷെ ലെെംഗിക വെെകൃതങ്ങൾക്ക് അടിമ, അവസാനം ഒളി ക്യാമറ വെച്ചതിന്‌ അറസ്റ്റിൽ

ബിടെക്കിന്‌ റാങ്ക്‌, പക്ഷെ ലെെംഗിക വെെകൃതങ്ങൾക്ക് അടിമ, അവസാനം ഒളി ക്യാമറ വെച്ചതിന്‌ അറസ്റ്റിൽ

സ്ത്രീകളുടെ ശുചിമുറിയിൽ കയറി ഒളിക്യാമറ സ്ഥാപിച്ച് വീഡിയോ പകർത്തിയ യുവാവിനെക്കുറിച്ച്‌ പുറത്ത്‌ വരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങൾ. കണ്ണൂർ ഓണക്കുന്ന് കരുവള്ളൂർ മുല്ലേഴിപ്പാറ വീട്ടിൽ എം എ അഭിമന്യുവാണ്‌ പിടിയിലായത്. ഇടപ്പള്ളിയിലെ ലുലു മാളിൽ വേഷം മാറി കടന്നുകയറിയാണ് യുവാവ് ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയത്. പർദ ധരിച്ച്‌ എത്തിയാണ്‌ യുവാവ്‌ ശുചിമുറിയിൽ കയറിയത്‌. സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ചാണ് അഭിമന്യു വീഡിയോ പകർത്തിയത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിയാണ് അഭിമന്യുവെന്നും പൊലീസ് പറഞ്ഞു. ബിടെക് റോബോട്ടിക്സ് എഞ്ചിനീയറിംഗിൽ റാങ്കോടെ വിജയിച്ചയാളാണ് പ്രതി. നിലവിൽ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് അഭിമന്യുവെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അഭിമന്യു വ്യാപാര കേന്ദ്രത്തിൽ എത്തിയത്. അവിടെ ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിയ പ്രതി കെെയിൽ കരുതിയിരുന്ന പർദ ധരിക്കുകയും തുടർന്ന് സ്ത്രീകളുടെ ശുചിമുറിക്കുള്ളിൽ കയറുകയുമായിരുന്നു എന്നാണ് വിവരം. ശുചിമുറിക്കുള്ളിൽ വച്ച് കെെയിലുണ്ടായിരുന്ന ഫോൺ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. ആ കാർഡ് ബോർഡ് പെട്ടിയിൽ ക്യാമറ ഇരിക്കുന്ന സ്ഥലത്ത് ഒരു ചെറിയ ദ്വേരമുണ്ടാക്കി ശുചിമുറിയുടെ വാതിലിനോടു ചേർത്ത് ഒട്ടിച്ചുവച്ചു. തുടർന്ന് അവിടെ നിന്ന് പുറത്തിറങ്ങിയ അഭിമന്യു പ്രധാന വാതിലിന് മുന്നിലെത്തി അവിടെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു.

പ്രധാന വാതിലിനു മുന്നിൽ കുറച്ചു നേരമായി പർദ്ദ ധരിച്ച ഒരു `സ്ത്രീ´ നിന്ന് പരുങ്ങുന്നത് സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. ഇവരുടെ അ‌സ്വാഭാവിക പെരുമാറ്റം കണ്ട് വ്യാപാര സ്ഥാപനത്തിൽ എത്തിയ ചില സ്ത്രീകൾക്കും സംശയം തോന്നുകയായിരുന്നു. സംശയം തോന്നിയ സ്ത്രീകൾ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടൻതന്നെ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ സ്ത്രീയല്ലെന്നും പെൺവേഷത്തിൽ എത്തിയ പുരുഷനാണെന്നും വ്യക്തമായത്. ചോദ്യം ചെയ്യലിൽ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ക്യാമറ സ്ഥാപിച്ച വിവരം പ്രതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഇയാൾ ലെെംഗിക വെെകൃതങ്ങൾക്ക് അടിമയാണെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ.

കൂടുതൽ ചോദ്യം ചെയ്യലിൽ പാലാരിവട്ടത്തുള്ള തുണിക്കടയിൽ നിന്നാണ് ഇയാൾ പർദ്ദ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് വീഡിയോ പകർത്തുവാൻ ഉപയോഗിച്ച മൊബൈൽ ഫോണും ധരിച്ചിരുന്ന പർദ്ദയും മറ്റും പിടിച്ചെടുത്തു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354(C) (വോയൂറിസം) , 419 (ആൾമാറാട്ടം), ഇൻഫർമേഷൻ ടെക്നോളജി ആക്ട് 66(E) എന്നീ വകുപ്പുകൾ ചുമത്തികയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്. മറ്റു സ്ഥാപനങ്ങളിലും ഇയാൾ ഈ രീതിയിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply