ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ ഹെൽമെറ്റ് തെറിച്ച് പോയി, ബസ് തലയിലൂടെ കയറിയിറങ്ങി ; ഉമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പത്ത് വയസുകാരൻ ബസ്സിനടിയിൽപെട്ട് മരിച്ചു

ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ ഹെൽമെറ്റ് തെറിച്ച് പോയി, ബസ് തലയിലൂടെ കയറിയിറങ്ങി ; ഉമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പത്ത് വയസുകാരൻ ബസ്സിനടിയിൽപെട്ട് മരിച്ചു

തിരുവനന്തപുരം വർക്കലയിൽ ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകര്യ ബസ് ഇടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം സ്വദേശികളായ മുഹമ്മദ് ഷാ-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് മർഹാൻ (10) ആണ് മരിച്ചത്.

വർക്കല ആയുർവേദ ആശുപത്രിക്ക് സമീപം ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. വർക്കല ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് താഹിറയും,മർഹാനും സഞ്ചരിച്ച സ്‌കൂട്ടറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാക്കുകയായിരുന്നു. ഓവർ ടേക്ക് ചെയ്യുന്നതിനിടെ ബസ് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു. ഇതിനിടെ മർഹാൻ ബസിനടിയിലേക്ക് വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു. അതേസമയം സ്കൂട്ടർ ഓടിച്ച താഹിറ ഇടത് വശത്തേക്ക് തെറിച്ച് വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മർഹാൻ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും സ്കൂട്ടറിൽ നിന്നും വീഴുന്നതിനിടെ ഹെൽമെറ്റ് തെറിച്ച് പോയിരുന്നു. മർഹാന്റെ തലയിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലമ്പലം പേരൂർ എംഎംയുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മർഹാൻ.

Leave a Reply