ചെറുവത്തൂര്‍ ദേശീയപാതയില്‍ കൂട്ട വാഹനാപകടം. ബസും ലോറിയും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്, മുന്നിൽ പോവുകയായിരുന്ന ഒരു വാഹനം പെട്ടെന്ന് ബ്രേകിട്ടപ്പോൾ നിർത്തുകയായിരുന്നു.
ഇതോടെ പിന്നാലെ വരികയായിരുന്ന ലോറി ബസിൽ ഇടിച്ചു. ലോറിക്ക് പിന്നിൽ ഇനോവ കാറും ഇടിച്ചു. ബസിൽ ഉണ്ടായിരുന്നവർക്കാണ് കാര്യമായി പരുക്കേറ്റത്. പരുക്കേറ്റവരെ ചെറുവത്തൂർ കെ എ എച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം അപകടമേഖലയായ മയ്യിച്ചയില്‍ വാഹനാപകടം കുറക്കുന്നതിനായി ഹമ്പ് സ്ഥാപിച്ചിരുന്നു. അപകട വിവരം അറിഞ്ഞ് ചന്തേര പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
അമിതവേഗതയിലെത്തിയ കാര്‍ ഹമ്പില്‍ കയറി നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.