കുടിവെള്ള പ്രതിസന്ധി നിലനിൽക്കുന്നതിനിടയിൽ ഫെയ്സ് ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റിയ കളക്ടറുടെ കമന്റ് ബോക്സിൽ പൊങ്കാലയുമായി ജനങ്ങൾ. നാലു ദിവസമായി വെള്ളമില്ലാത്തതിനാൽ ജനങ്ങളുടെ പരാതികളാണ് കമന്റ് രൂപത്തിൽ നിറയുന്നത്.
കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടു കളക്ടർ അനുകുമാരി ഇന്ന് രാത്രിയോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് അറിയിച്ചത്. പകൽ പോസ്റ്റൊന്നും പങ്കുവച്ചിട്ടില്ലായിരുന്നു. എന്നാൽ, പകൽ കളക്‌ടറുടെ ഔദ്യോഗിക പേജിൽ പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു. ഇതിനെ തുടർന്നാണ് ജലമില്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിയിച്ചത്.
“ബഹുമാനപെട്ട മാഡം ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം ഞങ്ങൾ താമസിക്കുന്നിടത്ത് രാത്രി കാലങ്ങളിൽ മാത്രമാണ് വെള്ളം വരുന്നത്. ചില ദിവസങ്ങൾ അതും ഇല്ല ഉറക്കം ഒഴിഞ്ഞു രാത്രി കാലങ്ങളിൽ ഇരിയ്ക്കുന്നത് കൊണ്ടു നിലവിൽ ഉണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കൂടുന്നു. ഇതിനെല്ലാം ഒരു പ്രതിവിധി ഉണ്ടാക്കണം എന്ന് അപേക്ഷിക്കുന്നു, കുടിവെള്ളം കിട്ടാനില്ല ഇന്ന് നാല് ദിവസം ആയി ശേഖരിച്ചു വച്ച വെള്ളം മുഴുവനും തീർന്നു, വെള്ളമില്ലാത്ത നഗരത്തിലാണ് നമ്മൾ വസിക്കുന്നത്. അറിയുന്നുണ്ടോ…. ജനം ദുരിതത്തിലാണ്, ആദ്യം വെള്ളമെത്തിക്കാൻ നോക്ക് പിന്നെ സൗന്ദര്യം ആസ്വദിക്കാം.., അടിപൊളി വെള്ളം ഇല്ല…. എന്താ കളക്ടർ” ഇത്തരത്തിലെ നിരവധി കമന്റുകളാണ് ജനങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി തിരുവനന്തപുരം നഗരപരിധിയിൽ വെള്ളമില്ലാത്ത സാഹചര്യമാണ്. ഇന്ന് വൈകിട്ട് കുടിവെള്ള പ്രതിസന്ധി പരിഹരിച്ച് പമ്പിങ് തുടങ്ങുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ, രാത്രി ആയിട്ടും പ്രതിസന്ധി പരിഹരിച്ചിട്ടില്ല. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നായിരുന്നു പമ്പിങ് നിർത്തിയത്. പൈപ്പിടൽ ജോലികളും പൂർത്തീകരിച്ചിട്ടില്ല. ഇന്ന് ഉച്ചക്ക് മുമ്പായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്.